തൊടുപുഴ : ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എല്ലാ വീടുകളിലും മേയ് 31നകം ഹരിതകർമ്മ സേനയുടെ സേവനമെത്തിക്കുന്നതിന് കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു. തൊടുപുഴ ബ്ലോക്കിന്റെ പരിധിയിലുള്ള ഉള്ള ആറ് പഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം.
വാർഡു തല ശുചിത്വ സമിതിയിൽ ഹരിത കർമ്മ സേനയുടെ പങ്കാളിത്തം ഉറപ്പു വരുത്തി മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ നടത്തും.ആറ് പഞ്ചായത്തുകളിലും എല്ലാ മാസവും ഒന്നു മുതൽ പത്താം തിയതി വരെയുള്ള ദിവസങ്ങളിൽ ഹരിത കർമ്മ സേന വീടുകളിൽ എത്തി അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കും. 15 നുള്ളിൽ പഞ്ചായത്തു തല റിവ്യു യോഗവും 20 നുള്ളിൽ ബ്ലോക്ക് തലത്തിൽ ഹരിത കർമ്മസേന സെക്രട്ടറി, പ്രസിഡന്റുമാരുടെ യോഗവും കൂടും .ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി .എസ്. മധു,കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ പ്രവീൺ,ഹരിത കേരളം ആർ പിമാരായ അമലു ഷാജു, ദിവ്യാ മോഹൻ,എന്നിവർ സംബന്ധിച്ചു.