ഇടുക്കി: തിരഞ്ഞെടുപ്പ് കമ്മീഷൻ 'സ്വീപ്' വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും വൺ ഇന്ത്യാ കൈറ്റ് ടീമും സംയുക്തമായി സംഘടിപ്പിക്കുന്ന കൈറ്റ് ഫെസ്റ്റിവൽ ഇന്നും നാളെയും മൂന്നാർ ഹൈ അൾട്ടിറ്റിയൂഡ് ഗ്രൗണ്ടിൽ നടക്കും. വോട്ടിംഗ് രീതി പൊതുജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന സ്വീപ് പരിപാടിയുടെ ഭാഗമായാണ് പ്രഥമ മൂന്നാർ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

സ്വീപ് മുദ്ര ആലേഖനം ചെയ്ത വിവിധ വർണങ്ങളിലുള്ള നൂറോളം പട്ടങ്ങൾ നവ വോട്ടർമാർ വാനിലുയർത്തും. ഇടുക്കിയിലെ ടൂറിസം പ്രൊമോഷൻ പദ്ധതിയായ വിബ്ജിയോറുമായി കൈ കോർത്താണ് ജില്ലാ ഭരണകൂടം പരിപാടി സംഘടിപ്പിക്കുന്നത്.

'ഓരോ വോട്ടും വിലപ്പെട്ടതാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക' എന്ന ആശയത്തിലൂന്നിയാണ് പരിപാടി വിഭാവനം ചെയ്തത്.ലോക പട്ടം പറത്തൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കഥകളി പട്ടമാണ് മുഖ്യ ആകർഷണം. വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള നിറപ്പകിട്ടാർന്ന ഇൻഫ്‌ളാറ്റ്‌റബിൾ ടെക്‌നോളജി'യിലെ 15 ഭീമൻ പട്ടങ്ങളാണ് വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്ടൻ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തിൽ വാനിൽ ഉയർത്തുന്നത്.