തൊടുപുഴ : യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പുതിയ ശൈലിയിൽ നടത്താൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. പതിവു സ്ഥാനാർത്ഥി പര്യടനത്തിനു പകരം പഞ്ചായത്ത് ആസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളും പൊതുസമ്മേളനങ്ങളും നടത്തും. റാലികളിലും സമ്മേളനങ്ങളിലും സ്ഥാനാർത്ഥി പി.ജെ.ജോസഫും പ്രമുഖ നേതാക്കളും പങ്കെടുക്കും. 28 ന് വൈകിട്ട് നാലിന് ഇടവെട്ടി, അഞ്ചിന് മണക്കാട് പഞ്ചായത്തിലെ അംഗൻവെട്ടി, ആറിന് കുമാരമംഗലം പഞ്ചായത്തിലെ പാറ ജംഗ്ഷൻ എന്നിവിടങ്ങളിലും 29 ന് വൈകിട്ട് നാലിന് ഉടുമ്പന്നൂർ ടൗണിലും, അഞ്ചിന് പടിഞ്ഞാറേ കോടിക്കുളത്തും, ആറിന് കരിങ്കുന്നത്തും, 30 ന് വൈകിട്ട് നാലിന് വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാലയിലും, അഞ്ചിന് ആലക്കോടും, ആറിന് കരിമണ്ണൂരും, 31 ന് വൈകിട്ട് നാലിന് വണ്ണപ്പുറത്തും, ആറിന് മുട്ടത്തും പ്രകടനവും പൊതുസമ്മേളനവും നടക്കും.