തൊടുപുഴ : നിർമാണ നിരോധനം ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലുംഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിലും പ്രതിഷേധിച്ച് ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികവും സമാധാന പരവുമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ മിക്കതും അടഞ്ഞുകിടന്നു. സ്വകാര്യബസുകൾ കാര്യമായി ഓടിയില്ലെങ്കിലും കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളടക്കം നടത്തി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ സാധാരണപോലെ നിരത്തിലിറങ്ങി. ചിലയിടങ്ങളിൽ ഓട്ടോ–ടാക്‌സി വാഹനങ്ങളും ഓടി. അവശ്യ സർവീസുകളെ ഹർത്താൽ ബാധിച്ചില്ല. സർക്കാർ ഓഫിസുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടില്ല. ഹർത്താലുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തൊടുപുഴ മേഖലയിൽ മെഡിക്കൽ സ്റ്റോറുകളും ഏതാനും ചില വ്യാപാര സ്ഥാപനങ്ങളും ഭക്ഷണശാലകളും പെട്രോൾ പമ്പുകളും തുറന്നു പ്രവർത്തിച്ചു. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 38 സർവീസുകൾ ഇന്നലെ നടത്തിയതായി അധികൃതർ പറഞ്ഞു. യാത്രക്കാർ കുറവായിരുന്നതിനാൽ ഹൈറേഞ്ച് മേഖലകളിലേക്കുള്ള ചില സർവീസുകൾ പിന്നീട് റദ്ദാക്കി.
മൂന്നാർ മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. അതേസമയം, തേയിലത്തോട്ടങ്ങളിൽ തൊഴിലാളികൾ പതിവുപോലെ പണിക്കിറങ്ങി.
അടിമാലിയിൽ കടകൾ മിക്കതും അടഞ്ഞുകിടന്നു. ചെറുതോണി ഉൾപ്പെടെയുള്ള ജില്ലാ ആസ്ഥാന മേഖലകളിൽ ഹർത്താൽ ശാന്തമായിരുന്നു. കലക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫിസുകളെല്ലാം പതിവു പോലെ പ്രവർത്തിച്ചു.
രാജകുമാരി, രാജാക്കാട്, സേനാപതി, ശാന്തൻപാറ മേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ചില ഹോട്ടലുകളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.മറയൂർ, കാന്തല്ലൂർ, കോവിൽക്കടവ് മേഖലകളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുമളി, നെടുങ്കണ്ടം, പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ മേഖലകളിലെല്ലാം ഹർത്താൽ സമാധാനപരമായിരുന്നു.
കുമളി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പതിവുപോലെ സർവീസുകൾ നടത്തി. തേക്കടിയിൽ ബോട്ടിങ്ങും തടസ്സമില്ലാതെ നടന്നു. അതേസമയം, സഞ്ചാരികൾ കുറവായിരുന്നു.