കുളമാവ്: നാടുകാണി പവലിയന് സമീപം പാറക്കെട്ടിൽ വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന യുവാവ് മേലുകാവ് ഇല്ലിക്കൽ (മുരിക്കൻ തോട്ടത്തിൽ ) അലക്സ്‌ (23) നെ തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം . നാടുകാണി പവലിയന് സമീപം പാറക്കെട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ പെൺകുട്ടി താഴേയ്ക്ക് വിഴുകയായിരുന്നു എന്നാണ് സൂചന. പിന്നീട് പാറ ക്കെട്ടിലൂടെ ഇറങ്ങി പെൺകുട്ടിയുടെ അടുത്തെത്തിയ യുവാവ് ബോധ രഹിതയായ പെൺകുട്ടിയെ കണ്ട് മരണപ്പെട്ടെന്ന് കരുതിക്കാണുമെന്ന് പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് സമീപത്തുള്ള മരത്തിൽ യുവാവ് സ്വന്തം പാന്റിൽ തൂങ്ങി മരിച്ചതാണെന്നാണ് നിഗമനം. വ്യാഴാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് കാഞ്ഞാർ പൊലീസിലും യുവാവിനെ കാണാനില്ലെന്ന് മേലുകാവ് പൊലീസിലും പരാതി കിട്ടിയിരുന്നു. ഇതിനിടെയാണ് നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പൊലീസിന് അറിയിപ്പ് കിട്ടുന്നത്. അന്വേഷണത്തിനിടയിൽ പവലിയന് സമീപത്തെത്തിയ പൊലീസ് പെൺകുട്ടിയുടെ പേര് ചൊല്ലിവിളിക്കുകയും തിരിച്ച് ശബ്ദം കേട്ട് എസ് ഐ മാരായ മനോജ്‌, ഐസക് സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് എന്നിവർ പാറക്കെട്ടിലൂടെ ഇറങ്ങി പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് അഗ്നി ശമന സംഘം എത്തി പെൺകുട്ടിയെ പാറക്കെട്ടിന് മുകളിലെത്തിച്ചു. പിന്നീട് തൊടുപുഴ ആശുപത്രിയിലേയ്ക്ക് മാറ്റി.