ഇടുക്കി: ഹർത്താലായതിനാൽ പര്യടനങ്ങളും കൺവെൻഷനുകളും മുടങ്ങിയെങ്കിലും വിശ്രമമില്ലാതെ വോട്ട് പിടിത്തത്തിലായിരുന്നു സ്ഥാനാർത്ഥികൾ. ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ ബുള്ളറ്റുമെടുത്ത് കറങ്ങിയായിരുന്നു വോട്ടു പിടിത്തം. വാത്തിക്കുടി പഞ്ചായത്തിലെ മഞ്ഞപ്പാറയിൽ തുടങ്ങി തങ്കമണി, കാമാക്ഷി, കട്ടപ്പന എന്നിവിടങ്ങളിൽ വരെയെത്തി വോട്ട് അഭ്യർഥിച്ചു.
വാഴത്തോപ്പ് പഞ്ചായത്തിൽ ഭവന സന്ദർശനത്തിലായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്ജ്. മണിയാറൻകുടിയിലെ ട്രൈബൽ കോളനിയിലും വാത്തികുടിയിലെ തേക്കിൻ തണ്ടിലും ഉള്ള മരണ വീടുകൾകൂടി അദേഹം സന്ദർശിച്ചു ശേഷം കൊന്നത്തടി പഞ്ചായത്തിലെ കന്യാസ്ത്രീ മഠങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു.ഹർത്താൽ ദിനത്തിൽ പരസ്യ പ്രചരണം ഒഴിവാക്കി എൻ.ഡി.എ. പ്രവർത്തകർ ഇടുക്കി നിയോജകമണ്ഡലത്തിൽ മഹാ സമ്പർക്കം നടത്തി. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ പ്രവർത്തകർക്കൊപ്പം വിവിധ മേഖലകളിലെ വീടുകൾ സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ടു.

നെടുങ്കണ്ടത്തെ ഓരോ വീടുകളിലും നേരിട്ടെത്തി വോട്ട് ചോദിച്ച് ഉടുമ്പൻചോലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മണിയാശാൻ ഹർത്താൽ ദിനം ചെലവഴിച്ചത്. വൈകിട്ട് നെടുങ്കണ്ടം ടൗൺ, പരിവർത്തനമേട് പ്രദേശങ്ങളിൽ നാല് കുടുംബയോഗങ്ങളിലും പങ്കെടുത്ത് മണിയാശാൻ പ്രസംഗിച്ചു.

ഹർത്താൽ ദിനത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുറ്റടിയിലെ രാഹുൽ ഗാന്ധിയുടെ പരിപാടിക്കായുള്ള ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായാണ് യു.ഡി.എഫ്.സ്ഥാനാർഥി ഇ.എം.ആഗസ്തി കൂടുതൽ സമയവും നീക്കിവെച്ചത്. കട്ടപ്പനയിലെത്തി ഹർത്താലിന്റെ ഭാഗമായി യു.ഡി.എഫ് നടത്തിയ പ്രകടനത്തിൽ ഡി.സി.സി പ്രസിഡന്റിനൊപ്പം പങ്കെടുത്തു. വൈകിട്ട് പുഷ്പക്കണ്ടത്തും വണ്ടൻമേട്ടിലും സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും യു.ഡി.എഫ്.സ്ഥാനാർഥി പങ്കെടുത്ത് പ്രസംഗിച്ചു.
എൻ.ഡി.എ.സ്ഥാനാർഥി സന്തോഷ് മാധവൻ രാവിലെ നെടുങ്കണ്ടം സെന്റ് മേരീസ് യാക്കോബായ പള്ളിയിലും ഏഴുകുംവയൽ കത്തോലിക്ക പള്ളിയിലുമെത്തി വികാരിമാരുമായി ആശയവിനിമയം നടത്തി. വൈകിട്ട് നെടുങ്കണ്ടം എൻ.ഡി.എ.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തകരുമായി ശനിയാഴ്ചത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
വോട്ടർമാര വീടുകളിലെത്തി നേരിട്ടു കണ്ട് വോട്ട് തേടുകയാണ് ദേവികുളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ ചെയ്തത്. രാവിലെ എട്ടിന് പള്ളി വാസൽ മേഖലയിലെ വീടുകളിൽ പ്രചരാണം തുടങ്ങി. തുടർന്ന് പ്ലാമല ,കുരിശുപാറ, കല്ലാർ ,കമ്പിലൈൻ, അമ്പഴച്ചാൽ, രണ്ടാം മൈൽ, മീൻകെട്ട്. കുഞ്ചിതണ്ണി, പോതമേട് ഭാഗങ്ങളിൽ പ്രചരണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാർ അതിരാവിലെ തന്നെ എം.പി. ഡീൻ കുര്യാക്കോസ്, മുൻ എം.എൽ.എ എ.കെ. മണി തുടങ്ങിയ നേതാക്കൾക്കൊപ്പം രാജമല പെട്ടി മുടിയിലെത്തി. പെട്ടിമുടി ദുരന്തത്തിൽ മരിച്ച 66 പേരെ അടക്കിയ സ്ഥലത്തെത്തി പ്രാർഥനയും പുഷ്പാർച്ചനയും നടത്തി.തുടർന്ന് തോട്ടം തൊഴിലാളികളെ നേരിട്ടുകണ്ട് വോട്ടു തേടി.പിന്നീട് വാഗുവര,തലയാർ, പാമ്പൻ മല ,ഗുണ്ടുമല ,തെന്മല, ചട്ടമൂന്നാർ എന്നിവടങ്ങളിലെത്തി തൊഴിലാളികളെ നേരിട്ടു കണ്ട് വോട്ട് അഭ്യർഥിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി എസ്. ഗണേശൻ ഹർത്താൽ ദിനത്തിൽ പ്രചാണത്തിനിറങ്ങിയില്ല. മൂന്നാറിലെ വാടക വീട്ടീൽ പൂർണ്ണ വിശ്രമത്തിലായിരുന്നു.

ഹർത്താൽ ദിനം ആയിരുന്നെങ്കിലും തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ.കെ.ഐ ആന്റണി തിരക്കിലായിരുന്നു. ഹർത്താൽ പ്രമാണിച്ച് പര്യടനം ഒഴിവാക്കിയിരുന്നു. രാവിലെ ഏഴുമുതൽ തൊടുപുഴ നഗരത്തിലെ സുഹൃത്തുക്കളുടെ വീടും ഹൗസിങ് കോളനികളും സന്ദർശിച്ചു. ഉച്ചയ്ക്ക് അൽഅസഹ്ർ കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കോളനികൾ സന്ദർശിച്ച് വോട്ട് തേടി. തൊടുപുഴ ന്യൂമാൻ കോളേജിലെ പൂർവവിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.

ഹർത്താലായതിനാൽ തെടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ ജോസഫ് പര്യടനം നടത്തിയില്ല. എന്നാൽ, പരമാവധി വോട്ടർമാരെ ഫോണിൽ വിളിച്ചു. ഇതിനിടെ കുറേപ്പേർ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. അവരോടെല്ലാം കുശലാന്വേഷണം. തന്റെ പ്രിയപ്പെട്ട പശുക്കളെ പരിചരിച്ച് തൊഴുത്തിൽ കുറച്ചുനേരവും.


തൊടുപുഴയിലെ എൻ.ഡി.എ. സ്ഥാനാർഥി ശ്യാംരാജിന്റെ പ്രചാരണം ഹർത്താൽ ദിവസവും പര്യടനം ഒഴിവാക്കിയില്ല. രാവിലെ കുടയത്തൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വീണ്ടും തിരക്കിലേക്ക്. പ്രധാനപ്പെട്ട പല ആളുകളെ കണ്ടു. ചില സംഘടനാ കാര്യങ്ങൾക്കും ഓടി നടന്നു.

പീരുമേട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വാഴൂർ സോമൻ പര്യടനം ഒഴിവാക്കി. ഒരു ദിവസം വാഹനം ഉപേഷിച്ചു സ്ഥാനാർത്ഥിയുടെ വീടിന് സമീപത്തുള്ള വീടുകളിലും തോട്ടങ്ങളിലും കൃഷിപ്പണിയിലും ഏർപ്പെട്ടവരുടെ അടുത്തെത്തി സൗഹൃദം പുതുക്കുകയും വോട്ടുറപ്പിക്കുകയും ചെയ്തു.

പീരുമേട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി സിറിയക് തോമസ് കുമളി പഞ്ചായത്തിൽ പര്യടനം നടത്തി. മേഖലയിലെ മത, സാമുദായിക നേതാക്കളെ സന്ദർശിച്ചു. തുടർന്ന് ആദിവാസി മന്നാക്കുടിയിലെ വീടുകൾക്ക് സന്ദർശിച്ച് വോട്ടർമാരെ നേരിൽക്കണ്ടു.
എൻ.ഡി.എ. സ്ഥാനാർത്ഥി ശ്രീനഗരി രാജൻ ഏലപ്പാറ, പീരുമേട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഏലപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥിയെ ഭാരവാഹികൾ സ്വീകരിച്ചു. പീരുമേട്ടിലെ തോട്ടം മേഖലയിലെത്തിയ തൊഴിലാളികളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.