തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്‌ല കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ കാര്യങ്ങൾ ഓരോന്നും അക്കമിട്ട് നിരത്തിയായിരുന്നു ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ പ്രസംഗം. കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പുല്ലുമേട് ദുരന്തമുണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രി തിരിഞ്ഞുപോലും നോക്കിയില്ല. എന്നാൽ പുറ്റിങ്ങൽ ദുരന്തമുണ്ടായപ്പോൾ മൂന്ന് മണിക്കൂറിനകം ദുരന്തബാധിതരെ ആശ്വസിപ്പിക്കാനായി മോദി സംഭവസ്ഥലത്തെത്തി. അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന തന്നോട് ഒരാഴ്ചയോളം ഇവിടെ തങ്ങി സ്ഥിതിഗതികൾ വിലയിരുത്താൻ നിർദേശിച്ചു. മോദി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുമ്പോഴെല്ലാം അവിടെ കഠിനാധ്വാനം ചെയ്യുന്ന മലയാളികളെ കാണാനും അവരുടെ ക്ഷേമമന്വേഷിക്കാനും മറക്കാറില്ല. ഇന്ത്യയുടെ അകത്തായാലും പുറത്തായാലും മോദി മലയാളികളുടെ കാര്യത്തിൽ വലിയ ശ്രദ്ധാലുവാണ്. മോദി നടപ്പിലാക്കിയ പദ്ധതികളാണ് കേരളത്തിന്റെ വികസനകുതിപ്പിനിടയാക്കിയത്.

അക്കമിട്ട് പദ്ധതികൾ


വനിതകളുടെയും കർഷകരുടെയും യുവാക്കളുടെയും പൊതുജനങ്ങളുടെയുമെല്ലാം ശാക്തീകരണം ചെറുകിട വൻകിട പദ്ധതികൾ മൂലം സാദ്ധ്യമായി. ജൻധൻ യോജന സ്ത്രീകളെ ശാക്തീകരിച്ചു.സ്വച്ഛ്ഭാരത് മിഷൻ വഴി രണ്ട് ലക്ഷം ശൗചാലയങ്ങൾ കേരളത്തിൽ നിർമിച്ചു. . കേരളത്തിലെ 37 ലക്ഷം കുടുംബങ്ങൾക്കാണ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിച്ചത്. യു.പി.എ സർക്കാർ 45,000 കോടി രൂപയാണ് കേരളത്തിന്റെ വികസനത്തിന് നൽകിയതെങ്കിൽ മോദി സർക്കാർ രണ്ട് ലക്ഷം കോടി രൂപയാണ് നൽകിയത്.

എൽ.ഡി.എഫിനിനും യു.ഡി.എഫിനും ഗുഡ്‌ബൈ

കേരളത്തിൽ ബി.ജെ.പി വോട്ടിംഗ് ശതമാനം അഞ്ചിൽ നിന്ന് 16 ശതമാനത്തിന് മുകളിലെത്തിച്ചു. എന്നാൽ സീറ്റുകൾ അതനുസരിച്ച് നേടാനായില്ല. അതിന് നിങ്ങളുടെ അനുഗ്രഹവും പിന്തുണയുമുണ്ടാകണം. യു.ഡി.എഫിനോടും എൽ.ഡി.എഫിനോടും ഗുഡ്‌ബൈ പറയാനുള്ള സമയമായി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദളിത് പീഡനങ്ങളും കേരളത്തിൽ വർദ്ധിക്കുന്നു. സി.പി.എം പ്രവർത്തകരാണ് അതിന് നേതൃത്വം നൽകുന്നത്. മന്ത്രിമാരുടെ നേതൃത്വത്തിൽ അനധികൃത നിയമനം നടക്കുന്നു. കോടതി പറഞ്ഞിട്ടും അനധികൃത നിയമനങ്ങൾ നിറുത്തിവയ്ക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.