
തൊടുപുഴ : ചാഴികാട്ട് ആശുപത്രിയിൽ കിഡ്‌നി വാരിയേർസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ഗ്ലോബൽ കിഡ്‌നി ഫൗണ്ടേഷൻ കേരളയുടെയും ആഭിമുഖ്യത്തിൽ വൃക്കരോഗികൾക്കും സഹയാത്രികർക്കുമായി ബോധവത്കരണ ക്ലാസ് നടത്തി. കിഡ്‌നി വാരിയേർസ് ഫൗണ്ടേഷൻ ഡയറക്ടർ വി.ജി. ചന്ദ്രശേഖരൻ, ഗ്ലോബൽ കിഡ്‌നി ഫൗണ്ടേഷൻ കേരളയുടെ പ്രസിഡന്റ് ഡോ. ജോൺസൺ പി. ജോൺ എന്നിവർ കിഡ്‌നി ട്രാൻസ്പ്ലാന്റ് ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ, വൃക്കരോഗവുമായി താതാത്മ്യപ്പെട്ട് ജീവിക്കുക എന്നീ വിഷയങ്ങളെപ്പറ്റി സംസാരിച്ചു. ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫനെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. പേഷ്യന്റ് ഫ്രണ്ട്‌ലി ഡയാലിസിസ് യൂണിറ്റിനുള്ള അവാർഡ് ഓഫ് എക്‌സലൻസ് സർട്ടിഫിക്കറ്റുകൾ നെഫ്രോളജി വിഭാഗം ഡോ. ലീനാ ജോസ് ഏറ്റുവാങ്ങി. ഡയാലിസിസ് ടെക്‌നീഷ്യൻമാരായ മഞ്ജുഷ, ദിവ്യ റാഫേൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചാഴികാട്ട് ആശുപത്രി ജോയിന്റ് എം.ഡി. ഡോ. സി.എസ്. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ, ജനറൽ മാനേജർ തമ്പി എരുമേലിക്കര, നഴ്‌സിംഗ് സൂപ്രണ്ട് നിഷാ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.