തൊടുപുഴ: നഗരത്തിന് ഇന്നലെകുരുക്കിന്റെ ദിനമായിരുന്നു. രണ്ട് ദേശീയ നേതാക്കൾ തൊടുപുഴയിൽ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ ഒരേ ദിവസം എത്തിയതിന്റെ ഗതാഗത ക്രമീകരണങ്ങളാണ് ജനത്തെ ശരിക്കും വലച്ചത്. ബി ജെ പി ദേശിയ അദ്ധ്യക്ഷൻ ജെ പി നദ്ദയും എ ഐ സി സി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തൊടുപുഴയിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് നഗരം പൊലീസ് വലയത്തിൽ അടച്ച് പൂട്ടി.രണ്ട് നേതാക്കളുടേയും വരവിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പേ പൊലീസും മഫ്തി പൊലീസും നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇവരുടെ സന്ദർശനം കാരണം ഇന്നലെ ഉച്ച കഴിഞ്ഞ് 2 മുതൽ രാത്രി 8 വരെ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും അറിയാതെ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ ജനമാണ് ശരിക്കും വെട്ടിലായത്. ചിലയിടങ്ങളിലെ റോഡുകളിൽ മണിക്കൂറോളം നേരം ഗതാഗതം പൂർണ്ണമായും നിർത്തി വെപ്പിച്ചു. വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്തതിനെ തുടർന്ന് വിവിധ സ്ഥാപനങ്ങളിൽ ജനത്തിന് എത്താനും സാധിച്ചില്ല. നേതാക്കളുടെ വരവിന്റെ ട്രയൽ നടത്തിയ വെള്ളിയാഴ്ച്ചയും ഇതായിരുന്നു അവസ്ഥ. വിവിധ സ്ഥലങ്ങളിൽ നിന്ന് വൈകിട്ട്ജോലി കഴിഞ്ഞ് എത്തിയ സ്ത്രീകൾ ബസ്സുകൾക്കായി നെട്ടോട്ടമോടുന്നതും

കാണാമായിരുന്നു.

പൊള്ളുന്ന

വെയിലത്ത് നടന്നു ......

വാഹന ഗതാഗതം സ്തംഭിച്ചതിനാൽ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും ജനം പൊള്ളുന്ന വെയിലത്ത് കിലോ മീറ്ററുകൾ നടന്നാണ് എത്തിയത്. ചിലർ സാധന സാമഗ്രികളുമായി തലയിൽ ഭാണ്ഡകെട്ടുമായിട്ടാണ് കിലോ മീറ്ററുകൾ നടന്നത്. പൊലീസിന്റെ

അവസ്ഥയും ദയനീയം ......

നേതാക്കൾ വരുന്നതും തിരികെ പോകുന്നത് വരെ ജാഗ്രതയോടെ നഗരത്തിൽ നിലയുറപ്പിച്ച പൊലീസുകാരുടെ അവസ്ഥയും ഏറെ ദയനീയമായിരുന്നു. മണിക്കൂറുകളോളമാണ് ചില സ്ഥലങ്ങളിൽ പൊള്ളുന്ന വെയിലത്ത് ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഒരേ നില്പിൽ ഡ്യൂട്ടി ചെയ്തത്.