തൊടുപുഴ: അരിവിതരണം തടസ്സപ്പെടുത്തിയതിലൂടെ സാധാരണക്കാരുടെ അന്നംമുടക്കുന്ന നടപടിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. കെ.ശിവരാമൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽഉത്സവകാലങ്ങളിൽ മുൻഗണനേതര വിഭാഗത്തിലുള്ളവർക്ക് 15 രൂപയ്ക്ക് 10 കിലോ അരിനൽകി വരുന്നതാണ്. ഇത് അറിയാതയല്ല രമേശ് ചെന്നിത്തല അരി വിതരണം തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഈസ്റ്റർ,വിഷു, റമദാൻ എന്നിവ ഒന്നിച്ചുവരുന്ന സാഹചര്യത്തിലാണ് പത്ത്കിലോ അരി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. അഞ്ച് വർഷമായി നൽകി കൊണ്ടിരിക്കുന്ന ക്ഷേമപെൻഷന്റെ വിതരണവും ഈസ്റ്റർ വിഷു കാലത്തെ ഭക്ഷ്യകിറ്റ് വിതരണവും തടയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ പട്ടിണി കിടന്നാലും വോട്ട് നേടണമെന്ന സങ്കുചിത മനസ്സാണ് ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രതിപക്ഷനേതാവിനെ പ്രേരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എൽഡിഎഫിന് തുടർ ഭരണം
ഉറപ്പാണെന്ന് മനസ്സിലായതോടെ യുഡിഎഫും കോൺഗ്രസും വിഭ്രാന്തിയിലായിരിക്കുകയാണ്. കള്ളപ്രചരണങ്ങൾ നടത്തിയും മാഫിയ സംഘങ്ങളെ കൂട്ടുപിടിച്ച് അഴിമതിക്കഥകൾ മെനഞ്ഞുണ്ടാക്കിയും ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവും കൂട്ടരും നടത്തുന്നത്.പ്രതിപക്ഷത്തിന്റെ മനുഷ്യത്വരഹിതമായ ഇത്തരം പ്രവർത്തികൾക്കുംനയങ്ങൾക്കുമെതിരെ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പ്രതികരിക്കണമെന്നും കെ .കെ .ശിവരാമൻ അഭ്യർത്ഥിച്ചു.