
തൊടുപുഴ: കേരളത്തിൽ എൻ.ഡി.എ അധികാരത്തിലെത്തിയാൽ ക്ഷേത്രഭരണത്തിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. തൊടുപുഴയിൽ ജില്ലയിലെ എൻ.ഡി.എയുടെ സ്ഥാനാർഥികളുടെ സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലെ വരുമാനം ക്ഷേത്രകാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാവൂവെന്ന് നിയമമുള്ളപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിന്റെ ധനം സർക്കാർ മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിച്ചു. ശബരിമലയിൽ യു.ഡി.എഫും എൽ.ഡി.എഫും ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. ശബരിമലയിലെ ആചാരങ്ങൾ സി.പി.എം സർക്കാർ തകർത്തു. കോൺഗ്രസും യു.ഡി.എഫും അന്ന് അധരവ്യായാമം മാത്രമാണ് നടത്തിയത്. ബി.ജെ.പിയും ബി.ഡി.ജെ.എസും മാത്രമാണ് ശബരിമലയിലെ ആചാരസംരക്ഷണത്തിനായി തെരുവിലിറങ്ങിയത്. ദേശീയപാതാ വികസനത്തിന് കേന്ദ്രം പണം അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകി സ്ഥലമേറ്രെടുക്കാൻ തയ്യാറായില്ല. യു.ഡി.എഫിനോടും എൽ.ഡി.എഫിനോടും ഗുഡ്‌ബൈ പറയാനുള്ള സമയമായി. ഒരു കൂട്ടർ സ്വർണക്കടത്തിലാണ് കുപ്രസിദ്ധരെങ്കിൽ മറ്റൊരു കൂട്ടർ സോളാർ അഴിമതിയിലൂടെയാണ് അറിയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആരോപണ വിധേയമായി. കേന്ദ്ര സംഘം അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ വേട്ടയാടുകയാണെന്നായി ആക്ഷേപമെന്നും നദ്ദ പറഞ്ഞു.
അന്ന് സോളാർ, ഇന്ന് ഡോളർ;
ഇരുമുന്നണികളെയും ഒഴിവാക്കാൻ സമയമായി: ജെ.പി. നദ്ദ
കണ്ണൂർ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സോളാർ ആണെങ്കിൽ പിണറായി സർക്കാരിന്റെ കാലത്ത് ഡോളർ അഴിമതിയാണ് വിഷയമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ.ധർമ്മടം മണ്ഡലത്തിൽ ബി.ജെ.പി നടത്തിയ റോഡ്ഷോയുടെ സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വർഷങ്ങളായി ഇരുമുന്നണികളും നടത്തുന്ന കസേരകളിക്ക് അന്ത്യം കുറിക്കാൻ സമയമായിരിക്കുകയാണ്. സോളാർ അഴിമതിയിലും ഡോളർ കടത്ത് കേസിലും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും ഇടപെടൽ വ്യക്തമായി. സ്വർണക്കടത്ത് കേസ് വന്നപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇപ്പോൾ സംസ്ഥാന സർക്കാർ അന്വേഷണം തടയാൻ ശ്രമിക്കുന്നു. അഴിമതിയില്ലാത്ത ഭരണമാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്. ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും ഒരു മുന്നണിയിലും ഇവിടെ രണ്ട് പാർട്ടികൾ വിരുദ്ധചേരിയിൽ പേരാടുന്നതും ആശയപരമായി വലിയ പാപ്പരത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധർമ്മടം മണ്ഡലത്തിലെ സ്ഥാനാർത്ഥിയും ബി.ജെ.പി ദേശീയ സമിതി അംഗവുമായ സി.കെ. പത്മനാഭൻ, കെ.പി. ഹരീഷ്ബാബു എന്നിവർ സംസാരിച്ചു.