തൊടുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയപ്രതീക്ഷകളെ വാനോളമുയർത്തി തൊടുപുഴയിലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. വൈകിട്ട് നാല് മണിയോടെ ആയിരക്കണക്കിന് എൻ.ഡി.എ പ്രവർത്തകരുടെ അകമ്പടിയിൽ അഞ്ച് സ്ഥാനാർത്ഥികളും പങ്കെടുത്ത റോഡ് ഷോയോടെയാണ് പ്രചാരണ യോഗത്തിന് തുടക്കം കുറിച്ചത്. ശ്രീകൃഷ്ണസ്വാമിക്ഷേത്ര പരിസരത്തു നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തൊടുപുഴ മണ്ഡലം സ്ഥാനാർത്ഥി പി. ശ്യാംരാജ്, ദേവികുളം മണ്ഡലം സ്ഥാനാർത്ഥി എസ്. ഗണേശൻ, ഇടുക്കിയിലെ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ, പീരുമേട്ടിലെ സ്ഥാനാർത്ഥി ശ്രീനഗരി രാജൻ, ഉടുമ്പൻചോല സ്ഥാനാർത്ഥി സന്തോഷ് മാധവൻ എന്നിവരെ തുറന്ന വാഹനത്തിൽ ആനയിച്ചു. വാദ്യമേളങ്ങളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥികളെ വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിലിറങ്ങിയ ജെ.പി നദ്ദയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി, നേതാക്കളായ പ്രസാദ് വണ്ണപ്പുറം, വി.എൻ സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇവിടെ നിന്ന് കാർ മാർഗം പഴയ ബസ് സ്റ്റാൻഡിലൊരുക്കിയ വേദിയിലെത്തുകയായിരുന്നു. നദ്ദയുടെ റോഡ് ഷോയുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. വേദിയിലെത്തിയ നദ്ദയെ കരഘോഷത്തോടെയും പുഷ്പവൃഷ്ടി നടത്തിയുമാണ് പ്രവർത്തകർ സ്വീകരിച്ചത്. ഇംഗ്ലീഷിലുള്ള നദ്ദയുടെ പ്രസംഗം അനന്തപദ്മകുമാർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അരമണിക്കൂർ നീണ്ട പ്രസംഗത്തിൽ അദ്ദേഹത്തിന്റെ കേന്ദ്രസർക്കാർ കേരളത്തിനായി ചെയ്ത പ്രവർത്തനങ്ങളാണ് എടുത്ത് പറഞ്ഞത്. സംസ്ഥാന സർക്കാരിനെയും യു.ഡി.എഫിനെയും ഒരുപോലെ അദ്ദേഹം വിമർശിച്ചു. ചടങ്ങിൽ ബി.ജെ.പിയിൽ ചേർന്ന കേരള കത്തോലിക്കാ അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വൈസ് പ്രസിനന്റുമായ സോവിച്ചൻ ചേന്നാട്ടുശേരിയെ ഹാരമണിയിച്ച് ജെ.പി. നദ്ദ സ്വീകരിച്ചു. എൻ.ഡി.എ ജില്ലാ ചെയർമാൻ കെ.എസ്. അജി അദ്ധ്യക്ഷനായ യോഗത്തിൽ അഞ്ച് മണ്ഡലങ്ങളിലെയും എൻ.ഡി.എ സ്ഥാനാർത്ഥികളെ കൂടാതെ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ്, സി. സന്തോഷ്‌കുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി. രാജൻ, ജില്ലാ പ്രസിഡന്റ് വി. ജയേഷ്, വൈസ് പ്രസിഡന്റ് ഡോ. സോമൻ, എ.ഐ.ഡി.എം.കെ ജില്ലാ സെക്രട്ടറി സുപ്രയാൽ, സംസ്ഥാന സെക്രട്ടറി ശോഭൻകുമാർ, ബി.ജെ.പി സംസ്ഥാന സമിതിയംഗങ്ങളായ പി.പി. സാനു, ബിനു ജെ. കൈമൾ, തൊടുപുഴ മണ്ഡലം ഇലക്ഷൻ ഇൻചാർജ് പി.എ. വേലുക്കുട്ടൻ, മേഖല സെക്രട്ടറി ജെ. ജയകുമാർ, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കാഞ്ചിയാർ, ഒബ്‌സർവെർ ശിൽപ്പ സുവർണ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ എന്നിവർ പങ്കെടുത്തു.