ഇടുക്കി: കഴിഞ്ഞ തവണത്തെ നിസാര ഭൂരിപക്ഷം ഇരുപതിനായിരത്തിനെങ്കിലും മുകളിലെത്തിക്കണമെന്ന വാശിയോടെ എം.എം. മണിയും,​ മുമ്പത്തെപോലെ മണിയ്ക്ക് മണികെട്ടാനാകുമെന്ന ആത്മവിശ്വാസത്തിൽ ഇ.എം. ആഗസ്തിയും കറുത്ത കുതിരയാകാൻ സന്തോഷ് മാധവും ഉഗ്രൻ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലമാണ് ഉടുമ്പഞ്ചോല.

രണ്ട് പതിറ്റാണ്ടായി എൽ.ഡി.എഫ് കൈപിടിയിലൊതുക്കിയ ഉടുമ്പൻചോലയെ 2016 മുതൽ പ്രതിനിധീകരിക്കുന്നത് വൈദ്യുതി മന്ത്രി കൂടിയായ എം.എം. മണിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണി കോൺഗ്രസിലെ സേനാപതി വേണുവിനെ 1109 വോട്ടിനാണ് പരാജയപ്പെടുത്തിയത്ത്. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. തുടർച്ചയായ രണ്ട് പ്രളയങ്ങളും കൊവിഡും വന്നിട്ടും മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിലും ജില്ലയിലാകെയും നടത്തിയ മികച്ച പ്രവർത്തനം നാട്ടുകാരുടെ സ്വന്തം മണിയാശന്റെ പ്രതിച്ഛായ വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യം പ്രചരണമാരംഭിച്ചതിന്റെ മേൽക്കൈയും മണിക്കുണ്ട്. അതേസമയം ഇ.എം. ആഗസ്തിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഉദ്ദേശത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിട്ടല്ല. രാഹുൽ ഗാന്ധിയുടെ വരവ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർക്കെല്ലാം പുതൻ ഊർജം പകർന്നിട്ടുണ്ട്. കൺവെൻഷനുകളും വാഹനപര്യടനങ്ങളുമൊക്കെയായി മണിയെ തോൽപ്പിച്ച ചരിത്രം ആവർത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇ.എം. ആഗസ്തി. ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ കഴിഞ്ഞതവണ എൻ.ഡി.എ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ആ പ്രകടനം വർദ്ധിപ്പിച്ച് ഇരുമുന്നണികൾക്കും കനത്ത പ്രഹരമേൽപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സന്തോഷ് മാധവൻ.

വിജയപ്രതീക്ഷ ഒരുപോലെ

തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, വണ്ടൻമേട്, ഇരട്ടയാർ, ഉടുമ്പൻചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തൻപാറ എന്നീ മുഴുവൻ പഞ്ചായത്തുകളും എൽ.ഡി.എഫ് നേടിയിരുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട് എന്നീ മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുകളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ഇടതുമുണി സ്വന്തമാക്കിയിരുന്നു. ഇതിന് മറുപടിയായി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് യു.ഡി.എഫ് ചൂണ്ടിക്കാണിക്കുന്നത്. മണ്ഡലത്തിൽ നിന്ന് ഡീൻ കുര്യാക്കോസ് 12250 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഇതിൽ ഉടുമ്പഞ്ചോല ഒഴികെ മുഴുവൻ പഞ്ചായത്തിലും ഡീൻ ലീഡ് നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിലെ സജി പറമ്പത്ത് 21,799 വോട്ടാണ് നേടിയിരുന്നു. ഇത്തവണ നില കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് അവർ.

നിർണായകം

മണ്ഡലത്തിൽ ഏറെയുള്ള തമിഴ് തോട്ടംതൊഴിലാളികളും ഭൂരിപക്ഷമുള്ള ഈഴവ,​ ക്രിസ്ത്യൻ വോട്ടർമാരും ആർക്കൊപ്പമാണെന്നത് നിർണായകമാകും.

മണ്ഡലചരിത്രം

രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ കൈയിലാണെങ്കിലും വലതിന് പലപ്പോഴും വഴങ്ങിയിട്ടുള്ള മണ്ഡലമാണ് ഉടുമ്പഞ്ചോല. മണ്ഡലം രൂപീകൃതമായ 1965 മുതൽ ആകെ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും സി.പി.ഐയും രണ്ടുതവണ വീതവും കേരള കോൺഗ്രസ് നാല് തവണയും സി.പി.എം അഞ്ചുതവണയുമാണ് മണ്ഡലം സ്വന്തമാക്കിയത്. 1996 മുതലുള്ള തിരഞ്ഞെടുപ്പുകളിലാണ് എൻ.ഡി.എ മത്സരരംഗത്തിറങ്ങുന്നത്.

2016ലെ തിരഞ്ഞെടുപ്പ് ഫലം

എം.എം. മണി (എൽ.ഡി.എഫ്)- 50813
സേനാപതി വേണു (യു.ഡി.എഫ്)- 49704
സജി പറമ്പത്ത് (എൻ.ഡി.എ)- 21799
എൽ.ഡി.എഫ് ഭൂരിപക്ഷം- 1109