
തൊടുപുഴ : തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മിനി എം.സി.എഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) വരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിക്കുന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും പഞ്ചായത്തിന്റെ എംസിഎഫിലേയ്ക്ക് എത്തിക്കുന്നതിന് മുന്നോടിയായി സൂക്ഷിച്ചുവെയക്കുന്നതിനുള്ള സൗകര്യമാണ് മിനി എംസിഎഫുകളിലടെ ഒരുങ്ങുന്നത്. പല ദിവസങ്ങളിലായി ശേഖരിക്കുന്ന പാഴ് വസ്തുക്കൾ ഗ്രാമപഞ്ചായത്ത് എംസിഎഫിലേയ്ക്ക് അതതു ദിവസമെത്തിക്കുന്നത് ഹരിതകർമ്മ സേനാംഗങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിന് പരിഹാരമെന്ന നിലയിലാണ് ഓരോ ദിവസവും ശേഖരിക്കുന്ന പാഴ് വസ്തുക്കൾ അതത് വാർഡുകളിൽ സംഭരിച്ചുവെയ്ക്കുന്നതിന് എല്ലാ വാർഡുകളിലും തൊഴിലുറപ്പിൽപ്പെടുത്തി മിനി എംസിഎഫുകൾ സ്ഥാപിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചത്.
ജില്ലയിൽ പൂർത്തിയാക്കിയത്
76 മിനിഎംസിഎഫുകൾ
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 76 മിനി എംസിഎഫുകളാണ് പൂർത്തിയാക്കിയിട്ടുള്ളതെന്ന് തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം കോർഡിനേറ്റർ ബിൻസ് സി തോമസ് പറഞ്ഞു.അറക്കുളം 15,കൊക്കയാർ 16,മരിയാപുരം 12,ഉപ്പുതറ 7,രാജകുമാരി7,വണ്ടിപ്പെരിയാർ 3,വണ്ടന്മേട് 3,ഏലപ്പാര 2,പീരുമേട് 2, വെള്ളിയാമറ്റം 2,ഇടുക്കി കഞ്ഞിക്കുഴി 2,ബൈസൺവാലി 1, കൊന്നത്തടി 1,വാഴത്തോപ്പ് 1,രാജാക്കാട് 1,മുട്ടം 1 എന്നിങ്ങനെയാണ് ഗ്രാമപ്പഞ്ചായത്തുകളിൽ മിനി എംസിഎഫുകൾ പൂർത്തിയായത്.ഇതു കൂടാതെ ആലക്കോട് ഗ്രാമപ്പഞ്ചായത്തിൽ ശുചിത്വ മിഷന്റെ ഫണ്ടുപയോഗിച്ചും മിനിഎംസിഎഫുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
വാർഡുകളിൽ സ്ഥാപിക്കുന്ന മിനി എംസിഎഫുകൾ പൊതുജനങ്ങൾക്ക് പാഴ് വസ്തുക്കൾ നിക്ഷേപിക്കാനുള്ളതാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് ഹരിതകേരളം മിഷൻ അറിയിച്ചു. മിനിഎംസിഎഫ് പരിസരങ്ങളിൽ ആളുകൾ മാലിന്യങ്ങളും മറ്റും പ്ലാസ്റ്റിക്ക് കവറുകളിൽ കെട്ടി നിക്ഷേപിച്ചു കടന്നുകളയുന്ന സംഭവങ്ങളുണ്ട്. ഇത് ഹരിതകർമ്മ സേനാംഗങ്ങൾക്ക് വളരെ വിഷമമുണ്ടാക്കുന്നതാണ്.