തൊടുപുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള ജില്ലാ സി - വിജിലിലേക്ക് പരാതി പ്രളയം. ജില്ലയിൽ തൊടുപുഴ, ഇടുക്കി,പീരുമേട്,ഉടുമ്പൻചോല,ദേവികുളം എന്നിങ്ങനെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ച വരെ 1027 പരാതികളാണ് ലഭിച്ചതെന്ന് സി- വിജിൽ അധികൃതർ -കേരള കൗമുദി - യോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന ദിനം മുതൽ സി - വിജിൽ സംസ്ഥാന വ്യാപകമായി പ്രവർത്തനം ആരംഭിച്ചിരുന്നു.24 മണിക്കൂറും പ്രവർത്തിക്കുന്ന സി - വിജിലിന്റെ ജില്ലാ കൺട്രോൾ സെന്ററിൽ ലഭിക്കുന്ന പരാതികൾ ഉടൻ അതാത് നിയമസഭാ റിട്ടേണിംഗ് ഓഫീസർക്ക് കൈമാറും.തുടർന്ന് നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ഫ്ളൈയിംഗ്,ആന്റി ഡീഫേസ്മെന്റ്,സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡുകൾ എന്നിവരാണ് പരാതി അന്വോഷിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നത്.ജില്ലയിൽ സി - വിജിലിൽ ലഭിച്ച പരാതികളിൽ ചിലത് വ്യാജമാണെന്നും അന്വോഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സി- വിജിൽ ...............
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽപെടുത്തി നടപടികൾ സ്വീകരിക്കാൻ വേണ്ടിയുള മൊബൈൽ ആപ്ലിക്കേഷനാണ് സി - വിജിൽ.കളക്ടറുടെ നേതൃത്വത്തിൽ എ ഡി എം നോഡൽ ഓഫീസറായ പ്രത്യേത നിരീക്ഷണ സംവിധാനമാണ് ജില്ലയിൽ സി - വിജിലിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന സി- വിജിൽ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങൾക്കും തത്സമയ പരാതികൾ നൽകാം.സ്വന്തം വിവരങ്ങൾ വെളിപ്പെടുത്തിയും അതിന് താല്പര്യമില്ലാത്തവർക്ക് അജ്ഞാതർ എന്ന രീതിയിലും പരാതികൾ നൽകാം.പരാതി സംബന്ധിച്ച് അതിവേഗത്തിൽ വ്യക്തമായി അന്വോഷണങ്ങൾ നടത്തിയതിന് ശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു.
പണം,മദ്യം, മറ്റ് ലഹരി,പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗങ്ങൾ,ഭീഷണിപ്പെടുത്തൽ,പെയ്ഡ് ന്യൂസ്,വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ,വ്യാജ വാർത്തകൾ,അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരെയും പരാതി നൽകാം.
സി - വിജിൽ ആപ്ലിക്കേഷനിലൂടെ ഫോട്ടോസ്, 2 മിനിറ്റിൽ താഴെ ദൈർഘ്യമുളള വീഡിയോസ്,ഓഡിയോ ക്ലിപ്പ് എന്നിങ്ങനെനേയും പരാതി നൽകാം.5 മിനിറ്റിൽ താഴെയുള്ള തത്സമയ പരാതികൾ മാത്രമേ സി- വിജിലിൽ അയക്കാൻ സാധിക്കു. ജി ഐ എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിൽ ലൊക്കേഷൻ ലഭ്യമാകുന്നതിനാൽ അന്വോഷണവും നടപടികളും അതിവേഗത്തിലാണ്.