ഏലപ്പാറ : കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്കായി അനുവദിച്ച സൗജന്യ റേഷൻ കോൺഗ്രസ് നേതാക്കൾ തടസപ്പെടുത്തിയതിന് യുഡിഎഫ് വലിയ വില നൽകേണ്ടിവരുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പീരുമേട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി വാഴൂർ സോമന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കാർ എന്നും സാധാരണജനങ്ങളോടൊപ്പമാണ്. എന്നാൽ കേന്ദ്രം ജിഎസ് ടി നടപ്പാക്കി സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കേണ്ട വരുമാനം ഇല്ലാതെയാക്കി. പ്രളയകാലത്തും കൊവിഡ്
കാലത്തും എല്ലാം ജനങ്ങൾക്ക് സഹായവും കരുതലും നൽകിയത് എൽഡിഎഫ് സർക്കാർ
മാത്രമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പ്രതിസന്ധിഘട്ടത്തിൽ പോലും കേരള ജനതയോട് മുഖം തിരിക്കുകയാണ് ഉണ്ടായത്. കേന്ദ്ര സർക്കാരാണ് ധനസഹായം നൽകിയതെന്ന് പറഞ്ഞ് ഫലിപ്പിക്കുന്ന ബിജെപി നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അടിക്കടി പെട്രോൾഡീസൽ വില വർദ്ധിപ്പിച്ച് കേന്ദ്രം ജനങ്ങളെ ദുരിതത്തിലാക്കി. പെട്രോൾഡീസൽ വില
വർദ്ധിപ്പിക്കുന്നതിനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെങ്കിലും കേരള സർക്കാരാണ് വില നിയന്ത്രിക്കുന്നതെന്ന തരത്തിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കേന്ദ്ര സർക്കാർ ജാതി രാഷ്ട്രീയമാണ് കളിക്കുന്നത്. മതങ്ങളെ തമ്മിലടിപ്പിച്ച് കേരളത്തിൽ സംഘർഷമുണ്ടാക്കി
അവരുടെ പാർട്ടിയെ വളർത്തുകയാണന്നും എ രാജ പറഞ്ഞു.യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ .കെ .ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ഇ എസ് ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷനംഗം മാത്യുവർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. എസ് .രാജൻ,ആർ .തിലകൻ,ജോസ് ഫിലിപ്പ്,വി ആർ ശശി,ജയിംസ് ടി അമ്പാട്ട്,എം ജെ വാവച്ചൻ,കെ പി. വിജയൻ,എം വർഗീസ്,സി .സിൽവസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.