മൂന്നാർ: കേരളം രൂപീകൃതമായതിനുശേഷം 1957ലെ പ്രഥമ നിയമസഭയിൽ സംസ്ഥാനത്ത് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് എം.എൽ.എയായ റോസമ്മ പുന്നൂസ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ദേവികുളം. ഒന്നര പതിറ്റാണ്ടിന് ശേഷം ദേവികുളത്ത് സി.പി.എമ്മിന് വേണ്ടി എസ്. രാജേന്ദ്രനും കോൺഗ്രസിന് വേണ്ടി എ.കെ. മണിയുമല്ലാത്ത ഒരു തിരഞ്ഞെടുപ്പാണിത്. പകരം രണ്ട് പുതുമുഖങ്ങളാണ് ഇക്കുറി കളത്തിൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എ. രാജയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഡി. കുമാറും വാശിയേറിയ പോരാട്ടം കാഴ്ചവയ്ക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതു വഴി സംസ്ഥാന തലത്തിലും ദേവികുളം വാർത്തയായിരുന്നു. ദേവികുളത്ത് കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെയ്ക്ക് വേണ്ടി 11623 വോട്ടുകൾ നേടിയ ആർ.എം. ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. സ്വതന്ത്രനായിരുന്ന എസ്. ഗണേശനാണ് ഇപ്പോൾ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി. ഗണേശൻ സജീവമായി പ്രചാരണ രംഗത്തുമുണ്ട്. എന്നാൽ ബി.ജെ.പിയുമായുള്ള ഒത്തുകളിയാണ് ധനലക്ഷ്മിയുടെ പത്രിക തള്ളാനിടയാക്കിയതെന്ന് ആരോപിച്ച് മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രചരണം നടത്തുന്നുണ്ട്. എന്തായാലും എൻ.ഡി.എ സ്ഥാനാർത്ഥി പിടിക്കുന്ന വോട്ട് മത്സരഫലത്തെ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 15 വർഷം എസ്. രാജേന്ദ്രൻ മണ്ഡലത്തിൽ ചെയ്ത വികസനപ്രവർത്തനങ്ങളും എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളും ചൂണ്ടിക്കാട്ടി വൻ പ്രചാരണ കോലാഹലമാണ് എൽ.ഡി.എഫ് മണ്ഡലത്തിൽ നടത്തുന്നത്. വികസനമുരടിപ്പിനും ദേവികുളത്തിന്റെ സമഗ്ര വളർച്ചയ്ക്കുമായി മാറ്റത്തിനൊരു വോട്ട് ചോദിച്ചാണ് യു.ഡി.എഫ് മുന്നേറുന്നത്.

മണ്ഡലചരിത്രം

ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജിക റോസമ്മ പുന്നൂസാണ് ആദ്യ എം.എൽ.എ. പിന്നീട് ഇടതും വലതും മാറി മാറി വന്നെങ്കിലും ഒന്നര പതിറ്റാണ്ടായി ഇടതുക്ഷത്തിന്റെ കൈകളിലാണ്. നിലവിൽ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് 1991 മുതൽ മൂന്ന് തവണ തുടരെ വിജയിച്ച കോൺഗ്രസിലെ എ.കെ. മണിയിൽ നിന്ന് എസ്. രാജേന്ദ്രൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2006 മുതൽ പ്രതിനിധീകരിക്കുന്നത് എസ്. രാജേന്ദ്രനാണ്. മൂന്ന് തവണ മത്സരിച്ചതിനാൽ സി.പി.എം തീരുമാനപ്രകാരമാണ് ഇത്തവണ മാറി നിൽക്കുന്നത്.

എന്ത് സംഭവിക്കാം

പ്രവചനം അസാദ്ധ്യമാംവിധം തീപാറുന്ന പോരാട്ടം നടക്കുന്ന ജില്ലയിലെ മറ്റൊരു മണ്ഡലമാണിത്. പുതിയ സ്ഥാനാർത്ഥികളായതിനാലും ഇരുവരും മികച്ച പ്രതിച്ഛായ ഉള്ളവരായതിനാലും രണ്ട് മുന്നണികൾക്കും തുല്യ സാധ്യത കൽപ്പിക്കപ്പെടുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഏഴ് ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫും അഞ്ച് ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫുമാണ് വിജയിച്ചത്. ഒന്നുവീതം ബ്ലോക്ക് പഞ്ചായത്തുകളാണ് എൽ.ഡി.എഫ്,​ യു.ഡി.എഫ് മുന്നണികൾ ഭരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിൽ രണ്ടെണ്ണം എൽ.ഡി.എഫിനാണ്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം.

ഇവ നിർണായകം

മണ്ഡലത്തിലെ ഭൂരിപക്ഷമായ തമിഴ് തോട്ടംതൊഴിലാളികളുടെ മനസ് ആർക്കൊപ്പമെന്നത് നിർണായകം. എൻ.ഡി.എ എത്ര മാത്രം വോട്ട് നേടുമെന്നതും ഫലത്തെ സ്വാധീനിക്കും.

2016 ലെ വോട്ടിംഗ് നില

എസ്. രാജേന്ദ്രൻ (എൽ.ഡി.എഫ്)- 49,510
എ.കെ.മണി (യു.ഡി.എഫ്)- 43,728
എൻ. ചന്ദ്രൻ (എൻ.ഡി.എ)- 9562
ഭൂരിപക്ഷം- 5,782