തൊടുപുഴ : യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫ് പ്രാവർത്തികമാക്കിയ തൊടുപുഴയുടെ ആസൂത്രിതമായ വികസന പദ്ധതികളെ രാഹുൽ ഗാന്ധി പ്രശംസിച്ചു. തൊടുപുഴ ബോയ്‌സ് ഹൈസ് സ്‌കൂൾ ഗ്രൗണ്ടിലെ പൊതുയോഗ സ്റ്റേജിൽ പ്രദർശിപ്പിച്ചിരുന്ന തൊടുപുഴ നഗരത്തിലെ റിംഗ് റോഡുകളുടെ ചിത്രം രാഹുലിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തൊടുപുഴയിൽ നടപ്പിലാക്കിയ ഹബ് ആന്റ് സ്‌പോക്ക് മോഡൽ റിംഗ് റോഡ് പദ്ധതിയുടെയും സീനിക്ക് ഡ്രൈവ് ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെയും ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.ജെ. ജോസഫിന്റെ വികസന പദ്ധതികളെ തന്റെ പ്രസംഗത്തിന്റെ ആദ്യവും അവസാനവും രാഹുൽ പ്രശംസിച്ചത്. തൊടുപുഴ നഗരത്തിൽ പി.ജെ. ജോസഫ് നേതൃത്വം നൽകി നിർമ്മിച്ച എട്ടു ബൈപാസുകളും അടുത്ത അഞ്ച് വർഷക്കാലത്ത് നിർമ്മിക്കാൻ വിഭാവനം ചെയ്തിട്ടുള്ള തൊടുപുഴ എറണാകുളം സബർബൻ ഹൈവേയും, കാരിക്കോട് കാഞ്ഞിരമറ്റം ചുങ്കം ബൈപാസും, കുന്നം നടുക്കണ്ടം ഔട്ടർ റിംഗ് റോഡും, നെല്ലാപ്പാറ മടക്കത്താനം റിംഗ് റോഡും സ്റ്റേജിൽ സ്ഥാപിച്ചിരുന്ന ചിത്രത്തിൽ വിശദമായി കാണിച്ചിരുന്നു. പി.ജെ. ജോസഫ് കേരള രാഷ്ട്രീയത്തിൽ വളരെയേറെ അനുഭവസമ്പത്തുള്ള നേതാവാണെന്ന് രാഹുൽ പറഞ്ഞു. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ പ്രവർത്തിച്ച വകുപ്പുകളിൽ മികവ് കാട്ടിയത് രാഹുൽ എടുത്ത് പറഞ്ഞു.