തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. കെ.ഐ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇന്ന് തൊടുപുഴയിലെത്തും. വൈകിട്ട് നാലിന് മുനിസിപ്പൽ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വൃന്ദ കാരാട്ട് സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് ഇടതുപക്ഷ സംഘടനയിലെ ആയിരക്കണക്കിന് മഹിളാ, യുവജന, തെഴിലാളി പ്രവർത്തകർ അണിനിരക്കുന്ന മഹാറാലിയുമുണ്ടാകും. നഗരത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തകർ റാലിയായി യോഗകേന്ദ്രത്തിലേക്ക് എത്തുക. യുവജനങ്ങളുടെ നേതൃത്വത്തിൽ ഇരുചക്രവാഹന റാലി മങ്ങാട്ടുകവലയിൽ നിന്ന് നഗരം ചുറ്റി മൈതാനത്ത് എത്തും. മഹിളാ പ്രവർത്തകർ പാല റോഡിൽ നിന്ന് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ മോർ ജംഗ്ഷനിൽ നിന്ന് പ്രകടനമായും യോഗ കേന്ദ്രത്തിലേക്ക് എത്തും.