ചെറുതോണി: കുടിവെള്ളത്തിനായ് നിർമ്മിച്ച കുളം സാമൂഹ്യ വിരുദ്ധർ മണ്ണിട്ട് മൂടി. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വർഡിൽ കണ്ണമുണ്ടപടിയിൽ കടുപാറയിൽ അനീഷ് നിർമ്മിച്ച കുളമാണ് സാമൂഹ്യ വിരുദ്ധർ മണ്ണും തടിയുമിട്ട് മൂടിയത്. കുടിവെള്ളത്തിന്റെ ആവശ്യത്തിനായി അനീഷ് രണ്ടു ലക്ഷം രൂപ മുടക്കി ഭാര്യയുടെ പേരിൽ വാങ്ങിയ 10 സെന്റ് സ്ഥലത്താണ് കുടിവെള്ള ആവശ്യത്തിനായി ചെറിയകുളം നിർമ്മിച്ചത്. ഈ കുളമാണ് സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ രാത്രിയിൽ മണ്ണിട്ട് മൂടിയത്. മൂടിയ കുളത്തിന് സമീപം മൂന്നോളം കിണറുകൾ വേറെയുമുണ്ട്. അനിഷിന്റെ വീടും കുളവുമായ് 500 മീറ്റർ അകലമാണുള്ളത്. ജലനിധിയിലൂടെ കിട്ടുന്ന വെള്ളമായിരുന്നു അനീഷും കുടുബവും ഉപയോഗിച്ചിരുന്നത്. എന്നാൽ ജലനിധിയുടെ വെള്ളം വറ്റിയതോടെയാണ് അനീഷും കുടുബവും പുതിയകുളം നിർമ്മിച്ച് കുടിവെള്ളമെടുക്കാൻ തുടങ്ങിയത്. ഈ കുളമാണ് സാമൂഹ്യ വിരുദ്ധർ മൂടിയത്. ഇതോടെ അനീഷും കുടുംബവും കുടിവെള്ളത്തിനായ് ഇനിയെന്തുചെയ്യണമെന്ന് അറിയാതെ നെട്ടോട്ടത്തിലാണ്. കുളം മൂടിയ സാമൂഹ്യ വിരുദ്ധരെ കണ്ട് പിടിക്കണമെന്നാവശ്യപ്പെട്ട് കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകി.