തൊടുപുഴ: മിനിസിവിൽ സ്റ്റേഷനിൽ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് മുന്നിൽ ദേഹത്ത് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് കരാറുകാരൻ ആത്മഹത്യാ ശ്രമം നടത്തിയത് ഏറെ നേരം നഗരത്തെ മുൾമുനയിലാക്കി. പൊലീസും ഫയർഫോഴ്സുമെത്തി ഇയാളെ ബലമായി കീഴ്പ്പെടുത്തി ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.30 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ആഫീസിന് മുന്നിൽ ബില്ല് മാറി നൽകാത്തതിന്റെ പേരിൽ വെള്ളത്തൂവൽ കൊന്നത്തടി സ്വദേശി പാനിപ്ര പി.ബി. സുരേഷാണ് ആത്മഹത്യാശ്രമം നടത്തിയത്. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സാമൂഹ്യ ജലസേചന പദ്ധതി വഴി മറയൂർ പഞ്ചായത്തിലെ കോട്ടക്കുളം, പെരിയപെട്ടി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ പൊതു കിണറുകൾ നിർമിച്ചത് കരാറുകാരനായ സുരേഷായിരുന്നു. കൃഷി വകുപ്പ് മറയൂർ പഞ്ചായത്തുമായാണ് ഇത് സംബന്ധിച്ച് കരാറിൽ ഏർപ്പെട്ടത്. ഒരു കിണറിന് 25 ലക്ഷം വീതമാണ് എസ്റ്റിമേറ്റിട്ടത്. എന്നാൽ രണ്ട് ബില്ലുകൾ സബ്മിറ്റ് ചെയ്തിട്ടും തുക അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടു. ഇതോടെ ഇന്നലെ രാവിലെ സിവിൽ സ്റ്റേഷനിലെത്തിയ സുരേഷ് പ്രിൻസിപ്പൽ കൃഷി ആഫീസർ ഒ.ടി. സുലോചനയുടെ കാബിനുള്ളിലേക്ക് കയറുകയും മണ്ണെണ്ണയും പെട്രോളും ദേഹത്തേക്ക് ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തത്. എന്നാൽ ബില്ല് മാറി നൽകാനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണെന്ന് ആഫീസർ പറഞ്ഞെങ്കിലും ഇയാൾ കേട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി സുരേഷുമായി ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. ഇതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരേഷിന്റെ ദേഹത്തേക്ക് വെള്ളം പമ്പ് ചെയ്ത് ശ്രദ്ധമാറ്റുകയും ഈ സമയം പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പരാതിയിന്മേൽ കരാറുകാരനടക്കം നാല് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
"എട്ട് മാസമായിട്ടും ബില്ല് മാറി നൽകാത്തതതിനാൽ ആഫീസ് കയറിയിറങ്ങി മടുത്തു. ആഫീസുകളിൽ വിളിക്കുമ്പാൾ 70 ശതമാനം തുക തരാമെന്നാണ് പറയുന്നത്. കടം വാങ്ങിയാണ് ജോലികൾ പൂർത്തിയാക്കിയത്. ഈ സാഹചര്യത്തിലാണ് തൊടുപുഴ കൃഷി ഓഫിസിലേക്കെത്തുന്നതും പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ആഫീസ് കാബിനുള്ളിലേക്ക് കയറി ആത്മഹത്യക്ക് ശ്രമിച്ചതും"
-കരാറുകാരൻ സുരേഷ്
"വിഷയത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയില്ല. കരാറുകാരന് വർക്കിന്റെ 70 ശതമാനം തുക നൽകാൻ തീരുമാനമായിട്ടുണ്ട്. അംഗീകൃത ഏജൻസിയെക്കൊണ്ട് പരിശോധന നടത്തി തുടർ നടപടി ഉണ്ടാകും. സുരേഷുമായി കൃഷി വകുപ്പിന് നേരിട്ട് ബന്ധമില്ല."
-ഒ.ടി. സുലോചന, പ്രിൻസിപ്പൽ കൃഷി ആഫീസർ