തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുമേഖല ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരെ കൂട്ടമായി പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളതിനാൽ ബാങ്കിംഗ് സേവനം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ മൂന്നിന് മാത്രമായിരിക്കും ബാങ്കുകൾ പൂർണമായും പ്രവർത്തിക്കുക. ഒന്നിന് വാർഷിക കണക്കെടുപ്പും രണ്ടിന് ദുഖ:വെള്ളിയും നാലിന് ഞായറുമായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ഇതിനുപുറമെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാർ ഡ്യൂട്ടിക്കു പോകുമ്പോൾ അഞ്ചിനും ആറിനും ഏഴിനും പ്രവർത്തിക്കാത്ത സാഹചര്യമോ രണ്ടു ജീവനക്കാരുമായി മാത്രം പ്രവർത്തിക്കുന്ന സാഹചര്യമോ ഉണ്ടാകാം. ഇന്നുമുതൽ ഏപ്രിൽ മൂന്നുവരെ മൈക്രോ ഒബ്‌സർവർ ഡ്യൂട്ടി കൂടി പൊതുമേഖലാ ബാങ്ക് ജീവനക്കാർക്ക് ഉള്ളതിനാൽ 29 മുതൽ ഏപ്രിൽ മൂന്നുവരെയും സേവനങ്ങൾ ഭാഗികമായി തടസപ്പെടാൻ സാധ്യതയുണ്ട്. എ.ടി.എം സേവനങ്ങളെയും ഇതു ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ ലോക്കർ ഉൾപ്പെടെയുള്ള ബാങ്കിംഗ് ഇടപാടുകൾ നേരത്തെ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ജില്ലാ ലീഡ് ബാങ്ക് മാനേജർ പറഞ്ഞു.