കഞ്ഞിക്കുഴി: ഇടിമിന്നലിൽ നിർദ്ധന കുടുംബത്തിന്റെ വീടിന്റെ മേൽക്കൂര തകർന്നു. പഴയരിക്കണ്ടം പിള്ള സിറ്റിയിൽ പനംതടത്തിൽ ഹരീഷ് കുമാറിന്റെ മൂന്ന് മുറി വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. ഇന്നലെ വൈകിട്ട് 3.30ഓടെയുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഷീറ്റ് മേൽക്കൂര പൊട്ടി തകർന്ന് വീടിനുള്ളിലേക്ക് വീഴുകയായിരുന്നു. കിടപ്പുമുറിയിലേക്കും ഹാളിലേക്കുമാണ് ഷീറ്റ് തകർന്ന് വീണത്. ഈ സമയം ഹരീഷിന്റെ കിടപ്പിലായ അമ്മ ശോഭനകുമാരിയും ഭാര്യ സ്നേഹയും ഇളയമകൻ അഖിലും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാഗ്യത്തിന് ഇവർ മറ്റൊരു മുറിയിലായതിനാൽ വലിയ അപകടമൊഴിവായി. ഹരീഷും മൂത്ത മകൻ ഗോകുലും പുറത്ത് പോയതായിരുന്നു. തുടർന്ന് സേവാഭാരതിയുടെ നേതൃത്വത്തിൽ മേൽക്കൂരയിൽ പടുത വിരിച്ചു. നഷ്ടപരിഹാരത്തിനായി വില്ലേജ് ആഫീസ് അധികൃതരെ സമീപിക്കുമെന്ന് ഹരീഷ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും കഞ്ഞിക്കുഴി മേഖലയിൽ ധാരാളം മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.