മൂന്നാർ: ചിന്നക്കനാലിലെ അനധികൃത മരംവെട്ട് കേസിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ മൂന്നുപേർ അറസ്റ്റിൽ. തോട്ടം മാനേജർ മുനിയാണ്ടി, രണ്ട് തൊഴിലാളികൾ എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് ഹൈറേഞ്ച് സി.സി.എഫ് ഉത്തരവിട്ടത്. ചിന്നക്കനാൽ മുത്തമ്മ കോളനിക്ക് സമീപത്തെ 10 ഏക്കറിലധികം വരുന്ന ഏലത്തോട്ടത്തിൽ നിന്നാണ് വൻമരങ്ങളടക്കം മുറിച്ച് കടത്താൻ ശ്രമം നടന്നത്. മരം മുറി പുരോഗമിക്കുന്നതിനിടെ സമീപവാസികളിലൊരാൾ ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും അദ്ദേഹം മരം മുറി തടയുകയുമായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.സി.എഫിന് പരിശോധനയ്ക്ക് നിർദേശം ലഭിക്കുന്നത്. കോട്ടയം (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ) എസ്‌.ഐ.പി.യിലെ എ.സി.എഫ് എം.പി. സജ്ഞയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.