വണ്ടിപ്പെരിയാർ: ഡൈമുക്കിൽ ഇറങ്ങിയ പുലിയെ കുടുക്കാൻ വനംവകുപ്പ് കെണി സ്ഥാപിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഡൈമുക്ക് അമ്പലത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്. വണ്ടിപ്പെരിയാർ, ഡൈമുക്ക്, മുങ്കാലാർ, ചെങ്കര എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം നാട്ടുകാർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പ്രദേശത്തെ വളർത്തുപശുവിനെ പുലി പിടിച്ചിരുന്നു. ഇതോടെ സ്ഥലത്ത് കാമറ സ്ഥാപിക്കുകയും പുലിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഇതിനെതുടർന്നാണ് പുലിയെ പിടിക്കാനുള്ള കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രി പുലി കെണിയിൽ വീണില്ല. പകരം മാംസാവശിഷ്ടങ്ങൾ തിന്നുന്നതിനായി കൂട്ടിൽ കയറിയ തെരുവുനായ കെണിയിൽപെട്ടു. പിന്നീട് വനപാലകർ സ്ഥലത്തെത്തി വീണ്ടും കെണി ഒരുക്കുകയും ചെയ്തു. ഒപ്പം സ്ഥലത്ത് രണ്ട് ഫോറസ്റ്റ് വാച്ചർമാരെയും എസ്റ്റേറ്റ് വാച്ചർമാരെയും നിരീക്ഷിക്കുന്നതിനായി നിയോഗിച്ചു.