ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ യു.ഡി.എഫിന് അടിക്കാൻ ഉഗ്രൻ വടികൊടുത്ത് മുൻ എം.പി ജോയ്സ് ജോർജ്. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അനവസരത്തിലുള്ള ജോയ്സിന്റെ അശ്ലീല പരാമർശമാണ് ഇന്നലെ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചയായത്. തിങ്കളാഴ്ച ഉടുമ്പഞ്ചോല മണ്ഡലത്തിലെ ഇരട്ടയാറിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിവാദ പരാമർശം. പെണ്‍കുട്ടികളാരും രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ വളയാനും നിവരാനുമൊന്നും നില്‍ക്കുന്നരുതെന്നും അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ലെന്നുമായിരുന്നു പരിഹാസം. രാഹുല്‍ ഗാന്ധി കോളജുകളില്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെയാണ് ജോയ്‌സ് അധിക്ഷേപിച്ചത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമടക്കമുള്ള സംസ്ഥാന നേതാക്കളും രംഗത്തെത്തിയതോടെ പ്രശ്നം കൈയിൽ നിന്ന് പോയെന്ന് ഇടതുപക്ഷ നേതാക്കൾക്ക് മനസിലായി. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ജോയ്സിനെ തള്ളി. ഇതോടെ പീരുമേട് മണ്ഡലത്തിലെ അണക്കരയിൽ വൃന്ദ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിൽ ജോയ്സ് പരസ്യമായി മാപ്പ് പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും പ്രശ്നം അവസാനിപ്പിക്കാൻ യു.ഡി.എഫ് തയ്യാറായില്ല. ജോയ്‌സിന്റെ പരാമർശത്തിനെതിരായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടുക്കി വാഴത്തോപ്പിലുള്ള ജോയ്‌സിന്റെ വീട്ടിലേക്ക് പ്രകടനം നടത്തി അദ്ദേഹത്തിന്റെ കോലം കത്തിച്ചു. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ നഗരത്തിൽ ജോയ്‌സിന്റെ കോലം കത്തിച്ചു. ഇത് കൂടാതെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിൽ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി ജോയ്‌സിന്റെ കോലംകത്തിച്ചു.
മാപ്പ് പറഞ്ഞാൽ തീരില്ലെന്ന് യു.ഡി.എഫ്
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ മുൻ എം.പി ജോയ്സ് ജോർജ് മാപ്പുപറഞ്ഞാൽ പോരെന്നും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മനസിനുള്ളിലുള്ള കാര്യങ്ങൾ ശർദ്ദിക്കുകയാണ് ജോയ്‌സ് ചെയ്തതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടതുപക്ഷ വിശ്വാസികൾക്ക് പോലും അംഗീകരിക്കാനാവാത്ത സ്ത്രീവിരുദ്ധ പ്രസ്താവനയാണ് ജോയ്‌സിന്റേത്. എം.എം മണിയിരുന്ന വേദിയിൽ അദ്ദേഹത്തെ സുഖിപ്പിക്കുന്നതിന് വേണ്ടിയുള്ള പരാക്രമമാണുണ്ടായത്. ആശാന്റെ ശിഷ്യനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അശ്ലീല പരാമർശം കേട്ടിട്ടും വേദിയിലിരുന്ന് കുലുങ്ങിച്ചിരിച്ച എം.എം. മണിയും മാപ്പ് പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. കല്ലൈറിഞ്ഞിട്ട് മാപ്പ് പറയുന്നതുപോലെയാണ് ജോയ്‌സിന്റെ മാപ്പ് പറച്ചിലെന്ന് കേരള കോണ്ഗ്രസ് നേതാവ് എം.ജെ. ജേക്കബും പറഞ്ഞു. ജില്ലാ യു.ഡി.എഫ് ചെയർമാൻ എസ്. അശോകൻ, ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.