ചെറുതോണി: 174 പേർക്ക് കൊവിഡ് പോസിറ്റീവ് സ്‌നേഹമന്ദിരത്തിൽ ഭൂരിഭാഗം പേരും രോഗമുക്തി നേടി. രണ്ടാഴ്ച്ച മുൻപാണ് സ്‌നേഹമന്ദിരത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഡി.എം.ഒ യുടെ നേതൃത്വത്തിലുള്ള സംഘം മൂന്നു ദിവസം കൊണ്ട് കൊവിഡ് പരിശോധന പൂർത്തീകരിക്കുകയും. 13 ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ 149 പേർ കൊവിഡ് നെഗറ്റീവാവുകയും ചെയ്തു. തീർത്തും അവശരും പ്രായാധിക്യവും ശ്വാസം മുട്ടലുമുള്ള 29പേരെ ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് ചികിത്സക്കായി മാറ്റിയിരുന്നു. ഇപ്പോൾ 15 പേർ ചികിത്സയിൽ തുടരുന്നു. ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. പ്രായാധിക്യത്താൽ പലവിധ രോഗങ്ങളുള്ള 88 വയസ് പ്രായമുള്ള സ്‌നേഹമന്ദിരത്തിലെ അന്തേവാസിയായ വൃദ്ധനാണ് മരണപ്പെട്ടത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാലു പേരുടെ നില ഗുരുതരമാണ്. ജില്ലാ കളക്ടർ, ഡി.എം.ഒ, വാത്തിക്കുടി സി.എച്ച്.സി ,ജില്ലാ മെഡിക്കൽ സംഘം, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുടെ എല്ലാവിധ സഹായവും പിന്തുണയും സ്‌നേഹമന്ദിരത്തിന് ലഭിക്കുന്നുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.