ചെറുതോണി: കേരളത്തിൽ സംതൃപ്തമായ ഭരണവും സംതൃപ്തരായ ജനങ്ങളും ആണ് ഉള്ളതെന്ന് മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെറുതോണിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാപ്രളയ കാലത്തും മഹാദുരിത കാലത്തും സർക്കാർ ചെയ്തിട്ടുള്ള കരുതലും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിൽ വലിയ മതിപ്പാണ് ഉളവാക്കിയിട്ടുള്ളത്. മികച്ച ഭരണമായതുകൊണ്ടാണ് ജനങ്ങൾ വികസന പ്രവർത്തനങ്ങളെയും സർക്കാർ സേവനങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഈ ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ലോകത്ത് ഒരിടത്തും കാണാത്ത പ്രതിപക്ഷ രീതിയാണ് കേരളത്തിലുള്ളത്. ജനങ്ങളുടെ പെൻഷൻ മുടക്കുക, ഭക്ഷണം മുടക്കുക, കുട്ടികളുടെ ഭക്ഷ്യവസ്തുക്കൾ പോലും തടയുക, പുസ്തകം കൊടുക്കാതിരിക്കുക, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക തുടങ്ങിയ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതരത്തിലുള്ള നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം തുടരുന്നത്. പ്രതിപക്ഷത്തിന്റെ ഇത്തരത്തിലുള്ള നിലപാടിനെതിരെയുമാണ് ജനവിധിയുണ്ടാകുക.