
തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈയിൽ നുണ നിർമ്മാണ യന്ത്രമുണ്ടെന്നും അത് ചാർജ് ചെയ്യുന്നത് ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെയടുത്താണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. തൊടുപുഴയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി കെ.ഐ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എൻ.ഡി.എയ്ക്ക് 35 സീറ്റ് കിട്ടുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ബാക്കി 36 സീറ്റ് എവിടെ നിന്ന് കിട്ടും. അത് ചെന്നിത്തലയുടെ മെഷീൻ നൽകും. ഇന്ത്യയിൽ എല്ലായിടത്തും ബി.ജെ.പിക്ക് എം.എൽ.എമാരെ സംഭാവന ചെയ്യുകയാണ് കോൺഗ്രസ്. ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപോയ ഗുരുവായൂരിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനാണ് സുരേഷ് ഗോപി എം.പി പറഞ്ഞത്. നേരത്തെ കർട്ടന് പിറകിലായിരുന്ന അവരുടെ സഖ്യം ഇപ്പോൾ പരസ്യമായി. ഇത് കൊറോണ വൈറസിനേക്കാൾ അപകടകരമായ ഒത്തുചേരലാണ്. കൊറോണയെ സാനിറ്റൈസർ ഉപയോഗിച്ച് തകർക്കാം. പക്ഷേ, കേരളത്തിനെതിരായ ബി.ജെ.പി- കോൺഗ്രസ് വൈറസിനെ തകർക്കാനുള്ള ഏക സാനിറ്റൈസർ ഇടതുപക്ഷമാണ്.