
'വാവിട്ട വാക്കും കൈവിട്ട ആയുധവും" രണ്ടും തിരിച്ചെടുക്കാനാകില്ലെന്നാണ് പഴഞ്ചൊല്ല്. എന്നാൽ വാ വിട്ട വാക്കിലൂടെ ആയുധം കൈവിട്ട് എതിരാളികൾക്ക് മുന്നിലെത്തിയാലോ. അത്തരമൊരു സാഹചര്യമാണ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശത്തിലൂടെ ഇടുക്കി മുൻ എം.പി ജോയ്സ് ജോർജുണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യാവസ്ഥയിൽ എതിരാളികൾക്കെതിരെ എന്ത് കച്ചിത്തുരുമ്പ് കിട്ടിയാലും ആയുധമാക്കാൻ കാത്തിരിക്കുന്നവർക്കാണ് നല്ല വടി കൊണ്ടുപോയി കൊടുത്തത്. തിങ്കളാഴ്ച രാത്രി ഇടുക്കി ഉടുമ്പഞ്ചോല മണ്ഡലത്തിലെ ഇരട്ടയാറിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർത്ഥിയും മന്ത്രിയുമായ എം.എം. മണിയുൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു രാഹുലിനെതിരായ ജോയ്‌സിന്റെ അധിക്ഷേപം.
''രാഹുൽ ഗാന്ധി കോളേജിൽ പോകും. പെൺപിള്ളേർ മാത്രമുള്ള കോളേജിലേ പോകൂ. അവിടെ ചെന്നിട്ട് പെൺപിള്ളേരെ വളഞ്ഞുനിൽക്കാനും നിവർന്ന് നിൽക്കാനും പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധി വരുമ്പോൾ വളയാനും നിവരാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ ഇതൊക്കെ ശ്രദ്ധിക്കണം. ഇതൊക്കെയാണ് അങ്ങേരുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് പുള്ളി നടക്കുവാ'. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥിനികളുമായി രാഹുൽ സംവദിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ജോയ്‌സിന്റെ പരാമർശം. പ്രസംഗം ജോയ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവായിരുന്നു. പിറ്റേന്ന് പുലർച്ചെയോടെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലാകെ വ്യാപകമായി പ്രചരിച്ചു. പ്രസംഗം കേട്ട് വേദിയിലിരിക്കുന്ന മണിയടക്കമുള്ളവർ ഊറി ചിരിക്കുന്നതും കാണാമായിരുന്നു. നാടൻ പ്രയോഗമാണെന്നും കുറിക്കുകൊള്ളുന്ന വിമർശനമാണെന്നുമൊക്കെ പറഞ്ഞ് ജില്ലയിലെ സി.പി.എം നേതാക്കൾ തുടക്കത്തിൽ ന്യായീകരിക്കാൻ ശ്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമടക്കമുള്ള സംസ്ഥാന നേതാക്കൾ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെ കൈവിട്ടുപോകുമെന്ന് സി.പി.എം നേതൃത്വത്തിന് മനസിലായി. പിന്നാലെ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ജോയ്സിനെ തള്ളിപ്പറഞ്ഞു. ഇതോടെ പീരുമേട് മണ്ഡലത്തിലെ അണക്കരയിൽ നടന്ന എൽ.ഡി.എഫിന്റെ മറ്റൊരു തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ജോയ്സ് മാപ്പ് പറഞ്ഞ് പരാമർശം പിൻവലിച്ച് തലയൂരി. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി എപ്പോഴും പോരാടുന്ന സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് കൂടി പങ്കെടുത്ത വേദിയിലായിരുന്നു മാപ്പ് പറച്ചിലെന്നത് ശ്രദ്ധേയമായി. സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികളടക്കം ജോയ്സിനെതിരെ രംഗത്തെത്തിയിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലും വലിയ പ്രതിഷേധമാണുണ്ടായത്.
വീണുകിട്ടിയ ആയുധം
മാപ്പ് പറഞ്ഞെങ്കിലും ജോയ്സിനെ വെറുതെ വിടാൻ യു.ഡി.എഫ് തയ്യാറല്ല. രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പ്രസംഗത്തിലൂടെ കേരളത്തിലെ സ്ത്രീകളെയാകമാനമാണ് ജോയ്സ് അധിക്ഷേപിച്ചതെന്നാണ് യു.ഡി.എഫ് വാദം. ചൊവ്വാഴ്ച ഇടുക്കി ജില്ലയിലാകമാനം ജോയ്സിന്റെ കോലം കത്തിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ജോയ്സിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നവരെ പ്രക്ഷോഭം തുടരുമെന്നാണ് അവർ പറയുന്നത്. വിഷയത്തിൽ ഡീൻ കുര്യാക്കോസ് എം.പി തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ഇതുവഴി പരമാവധി സ്ത്രീ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനാണ് അവരുടെ ശ്രമം. ചില മണ്ഡലങ്ങളിലെങ്കിലും ഇത് ഇടതുപക്ഷത്തിന് ക്ഷീണമാകുമെന്ന് തീർച്ചയാണ്.
നാക്കിന് എല്ലില്ലാതായാൽ
ഇതാദ്യമായല്ല സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പരാമർശം രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ബി.ജെ.പിയെന്നോ വ്യത്യാസമില്ലാതെ പലപ്പോഴായി പല നേതാക്കളും ഇത്തരം തരംതാണ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം മറക്കാറായിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.കെ. ശൈലജയ്ക്കെതിരെ നടത്തിയ റോക്ക്സ്റ്റാർ പ്രയോഗവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തൃത്താല എം.എൽ.എ വി.ടി. ബൽറാം എഴുത്തുകാരി കെ.ആർ. മീരയ്ക്കും എ.കെ.ജിക്കുമെതിരെ സാമൂഹ്യമാദ്ധ്യമത്തിൽ നടത്തിയ അശ്ലീല പരാമർശങ്ങൾ വിവാദമായിരുന്നു. സ്ത്രീവിരുദ്ധത പറയുന്നവരുടെ രാഷ്ട്രീയമോ വിദ്യാഭ്യാസ നിലവാരമോ ഘടകമല്ല. അല്ലെങ്കിൽ പ്രമുഖ അഭിഭാഷകൻ കൂടിയായ ജോയ്സിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകില്ല. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന ഇത്തരം പദപ്രയോഗങ്ങൾ നടത്തുന്നവരെ പുതുതലമുറ അവജ്ഞയോടെ മാത്രമേ നോക്കിക്കാണൂ. സ്ത്രീകളെ വെറും ശരീരമായല്ലാതെ വ്യക്തികളായി കാണാൻ ഇവരൊക്കെ എന്നാണ് പഠിക്കുക. നാടൻ പ്രയോഗമെന്നും പെട്ടെന്നുള്ള വികാരമെന്നൊക്കെ പറഞ്ഞ് എത്രനാൾ ഇവർ പിടിച്ചുനിൽക്കും. വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. 'അപ്പോളജീ..? മീ...? നത്തിംഗ് ഡൂയിംഗ് " എന്ന് പറഞ്ഞ മുല്ലപ്പള്ളിയെ പോലുള്ള നേതാക്കളെ വച്ച് നോക്കുമ്പോൾ തെറ്റ് മനസിലായി മാപ്പ് പറയുന്നത് വലിയ കാര്യമാണെന്ന അഭിപ്രായവുമുണ്ട്.