ഇടുക്കി: ജനം പോളിംഗ് ബൂത്തിലെത്താൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കേ, പ്രചാരണം അടിത്തട്ടിൽ സജീവമാക്കുകയാണ് മുന്നണികൾ. ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരെ പോക്കറ്റിലാക്കാനുള്ള കാലമാണ് പ്രചാരണത്തിന്റെ ഈ അവസാന ലാപ്പ്. അനുകൂല പ്രതികൂല സാഹചര്യങ്ങൾ മാറി മറിയാൻ 24 മണിക്കൂർ ധാരാളമാണെന്ന തിരിച്ചറിവോടെയാണ് ഒപ്പമുള്ളവരെ മുന്നണികൾ ചേർത്തു നിർത്തുന്നതും.

ഇന്ന് പെസഹാ വ്യാഴവും നാളെ ദുഃഖ വെള്ളിയുമായതിനാൽ പര്യടനം റദ്ദാക്കി പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. അവസാന ദിനങ്ങളിൽ കുടുംബയോഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയുള്ള റോഡ് ഷോയുമുണ്ടാകും. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ വരും ദിവസങ്ങളിൽ ജില്ലയിലെത്തും. സാമൂഹ്യമാദ്ധ്യമങ്ങളടക്കമുള്ളവ ഉപയോഗിച്ചുള്ള വോട്ടുപിടുത്തം ശക്തമായി മുന്നേറുകയാണ്. നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് മുന്നേറാനുള്ള നീക്കമാണ് എല്ലാവരും നടത്തുന്നത്.

വിഷയത്തിന് പഞ്ഞമില്ല

മണ്ഡലത്തിലെ വികസന മുരടിപ്പുകളും പോരായ്മകളും മുതൽ സംസ്ഥാന രാഷ്ട്രീയത്തിലെ പൊതുവിഷയങ്ങൾ വരെ പ്രചാരണ വിഷയമാണ്. നിർമാണ നിരോധന നിയമവും കർഷക പ്രശ്നങ്ങളും മുതൽ ജോയ്സിന്റെ രാഹുലിനെതിരായ അശ്ലീല പരാമർശം വരെ പ്രാദേശികമായി പ്രതിപക്ഷം ഉന്നയിക്കുമ്പോൾ പതിനായിരങ്ങൾക്ക് പട്ടയം നൽകിയതും ക്ഷേമ പെൻഷനും ഭക്ഷ്യക്കിറ്റും മുൻനിറുത്തിയാണ് എൽ.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. സ്വർണക്കടത്തും ആഴക്കടലും കടന്ന് അരി പ്രശ്‌നത്തിലും ഇരട്ട വോട്ടിലും സംസ്ഥാന വിഷയങ്ങൾ പന്തലിച്ച് നിൽക്കുന്നു. അരി കൊടുക്കാൻ ചെന്നിത്തലയും കൂട്ടരും സമ്മതിക്കില്ലെന്നാണ് ഇടത് മുന്നണിയുടെ പ്രചാരണം. അരി തടഞ്ഞുവച്ച് മാസങ്ങളായിട്ടും കൊടുക്കാത്തത് പിണറായി സർക്കാരാണെന്ന് യു.ഡി.എഫ് നേതാക്കൾ തിരിച്ചടിക്കുന്നു. ഇരു മുന്നണികളെയും കടന്നാക്രമിച്ച് ബി.ജെ.പിയും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമുണ്ട്.