
ഇടുക്കി : അയൽപക്കക്കാരും നൂറ് വയസ് പിന്നിട്ടവരുമായ തോമസുചേട്ടനും റോസച്ചേടത്തിയും കൊവിഡ് പ്രതിരോധ വാക്‌സിനെടുത്ത് പുതുതലമുറയ്ക്ക് മാതൃകയായി. ഇടുക്കി വെള്ളിയാമറ്റം മുതുകുളത്തേൽ റോസ (104) യും പുതിയേടത്ത് തോമസ് (101) ഉംകഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് പ്രവർത്തിക്കുന്ന ശാന്തിനികേതന ഹോസ്പിറ്റലിലെത്തി വാക്‌സിനെടുത്തത്. വാക്‌സിനെടുത്ത ശേഷം സാധാരണ ഗതിയിൽ വരുന്ന ശാരീരിക അസ്വസ്ഥതകളോ ക്ഷീമോ ഒന്നും തന്നെ ഇരുവരെയും ബാധിച്ചില്ല. ചിട്ടയായ ജീവിത ക്രമമാണ് ഇരുവരും ഇപ്പോഴും പിന്തുടരുന്നത്. അതിനാൽ തന്നെ പ്രായാധിക്യത്തിന്റെ അവശതയല്ലാതെ മറ്റ് രോഗങ്ങളൊന്നും ഇരുവർക്കുമില്ല..
സമീപ ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ മുതിർന്ന പൗരർക്കായി പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നതിന്റെ ഭാഗമായി ഇവരെയും വാക്‌സിനെടുപ്പിക്കാൻ തീരുമാനിച്ചു. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ചെറിയ ആശങ്ക പങ്കുവച്ചെങ്കിലും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും ഇവരുടെ ആത്മവിശ്വാസവും പരിഗണിച്ച് വാക്‌സിനെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവർക്കും പരിചിതരായ ഡോ. എസ്. പ്രസാദ് റാവു, നഴ്‌സ് ബിജി സാബു എന്നിവരും ചേർന്നാണ് വാക്‌സിനെടുത്തത്.