തൊടുപുഴ: ജില്ലയിലെ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതരായ പട്ടികജാതി വിഭാഗങ്ങൾക്ക് നൽകാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. തൊടുപുഴ യൂണിയൻ സമ്മേളനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. അഞ്ചര ലക്ഷം ഹെക്ടർ പാട്ട ക്കാലാവധി കഴിഞ്ഞ ഭൂമിയാണ് ഹാരിസൻ, ടാറ്റാ,​ മലങ്കര തുടങ്ങിയ വൻകിട കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. പട്ടിക വിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിക്ഷേധിക്കുന്ന ഇത്തരം കമ്പനികളെ നിയന്ത്രിക്കുകയും നിയമനിർമ്മാണത്തിലൂടെ സർക്കാർ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ പട്ടിക വിഭാഗങ്ങൾക്ക് അഞ്ച് ഏക്കർ ഭൂമി വീതം വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി.ടി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സാബു കാരിശേരി,​ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ. രാജൻ,​ സാബു കൃഷ്ണൻ,​ ശിവൻ കോഴിക്കമാലി,​ സി.എസ്. അരുൺ, യു.കെ. അനൂപ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ എ.എ. മനോജ് (പ്രസിഡന്റ്),​ പ്രകാശ് തങ്കപ്പൻ (സെക്രട്ടറി)​ സന്തോഷ് കുട്ടപ്പൻ (ട്രഷറർ)​ എന്നിവരെ തിരഞ്ഞടുത്തു.