ചെറുതോണി: കരാറുകാരൻ ആത്മഹത്യക്കു ശ്രമിച്ചതിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എൻ.സി ജോൺസൺ ആവശ്യപ്പെട്ടു. എട്ടുമാസം മുൻപ് നിർമ്മാണം പൂർത്തിയാക്കി ബില്ല് സമർപ്പിച്ചെങ്കിലും മനപ്പൂർവ്വം ബില്ല് പാസാക്കാതിരുന്നത് പണം നൽകാത്തതി നാലാണെന്നും ജോൺസൺ ആരോപിച്ചു. കൃഷി ഡിപ്പാർട്ടുമെന്റ് ഫണ്ടുപയോഗച്ച് കുടിവെള്ളത്തിനായി നാലുകുളങ്ങളാണ് കരാറെടുത്തിരുന്നത്. കൊന്നത്തടി പാനിപ്രയിൽ പി.ബി സുരേഷാണ് കരാറെടുത്തത്. ഇതിൽ രണ്ടു കുളങ്ങളുടെ നിർമ്മാണം പൂർത്തിയാകുകയും മൂന്നാമത്തെ കുളത്തിന്റെ പകുതി നിർമ്മാണം പൂർത്തിയാവുകയും ചെയ്തിരുന്നു. ഒരു കുളത്തിന് 25 ലക്ഷം രൂപയാണ് നിർമ്മാണചെലവ് ഒരുകുളത്തിന്റെ ബില്ലാണ് കരാറുകാരൻ ആവശ്യപ്പെട്ടത്. കേരളബാങ്കിൽ നിന്നെടുത്ത ലോൺ മാർച്ചിൽ അടച്ചില്ലെങ്കിൽ ലോൺ കുടിശ്ശികയാകും മക്കളുടെ പഠന ചെലവിനും, ഹൃദ്രോഗിയായ അമ്മയുടെ ചികിത്സാചെലവിനും ബുദ്ധിമുട്ടിയ കാരാറുകാരൻ ഓഫീസറെ വിവരം ധരിപ്പിച്ചെങ്കിലും ഓഫീസർക്ക് പണം നൽകാത്തതിനാൽ ബില്ലു മാറി നൽകിയില്ല. ഇതേത്തുടർന്നാണ് കരാറുകാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. . പല ഓഫീസുകളിലും ബില്ലുകൾ മാറി നൽകാത്തതിനാൽ കരാറുകാർ കടക്കെണിയിലാ ണെന്ന് ജോൺസൺ ആരോപിച്ചു. ട്രഷറികളിലും ചില ഉദ്യോഗസ്ഥർ മനപ്പൂർവ്വം ബില്ലുകൾ താമസിപ്പിക്കാറുണ്ട്. ഓഫീസിൽ നൽകിയ ബില്ല് കെയ്‌കോയുടേയും, കൃഷിവകുപ്പിന്റെയും, പഞ്ചായത്തുവകുപ്പിന്റെയും എൻജീനിയർമാർ പരിശോധിക്കുകയും കൃഷി വകുപ്പാദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്‌തെങ്കിലും ഇറിഗേഷന്റെ ഉദ്യോഗസ്ഥർകൂടി പരിശോധിക്കണമെന്നു പറഞ്ഞാണ് ബില്ലു മാറി നൽകാതിരുന്നത്. പണം ലഭിക്കാത്തതിന്റെ പേരിൽ മനപ്പൂർവ്വം കരാറുകാരനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ജോൺസൺ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാ വശ്യപ്പെട്ട് ജില്ലാകളക്ടർക്ക് സംഘടന പരാതി നൽകി.