farm
കർഷകരായ കയരളത്തെ മലയൻകുനി ദാമോദരനും സഹോദരൻ രാജനും കരിമ്പ് പാടത്ത്‌

കണ്ണൂർ: അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ചെയ്തു വരുന്ന കരിമ്പുകൃഷി ചതിച്ചതിന്റെ ആഘാതത്തിലാണ് കണ്ണൂരിലെ പ്രധാന കരിമ്പ് കർഷകരായ മയ്യിൽ കയരളത്തെ മലയൻ കുനി ദാമോദരനും സഹോദരൻ രാജനും. രണ്ടുവർഷമായി സീസണിലെ കച്ചവടം അപ്പാടെ ഇല്ലാതായതാണ് തിരിച്ചടിക്ക് കാരണം.

കൊവിഡിനെ തുടർന്ന് കഴിഞ്ഞവ‌ർഷം കരിമ്പ് പാട്ടത്തിനെടുക്കാൻ കച്ചവടക്കാർ ഇവിടേക്ക് എത്തിയിട്ടില്ല. വിളവെടുപ്പിന് പാകമായ ലക്ഷക്കണക്കിന് വില വരുന്ന കരിമ്പാണ് പാടങ്ങളിൽ നശിച്ചുകൊണ്ടിരിക്കുന്നത്.

55 വർഷക്കാലമായി കരിമ്പ് കൃഷി നടത്തുന്ന തങ്ങൾക്ക് വിളവെടുപ്പിന്റെ കാലം കഴിഞ്ഞിട്ടും വാങ്ങാൻ ആളില്ലാത്ത സ്ഥിതി മുമ്പുണ്ടായിട്ടില്ലെന്നും ഇരുവരും പറഞ്ഞു. തെയ്യക്കാലത്തെയും ഉറൂസുകളെയും കണക്കാക്കിയാണ് കർഷകർ കരിമ്പ് കൃഷി ആരംഭിക്കുന്നത്. എന്നാൽ കഴിഞ്ഞവർഷം മാർച്ച് മാസത്തോടെ കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണത്തിൽ അമ്പലങ്ങളിലും പള്ളികളിലും നേർച്ചയും ഉത്സവങ്ങളുമില്ലാതായത് ഇവർക്ക് വൻ തിരിച്ചടിയായി. എങ്കിലും കൃഷിവകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ഇക്കോഷോപ്പ് ഫാർമേഴ്സ് ഒൗട്ട്ലെറ്റുകൾ, ഗ്രാമീണ ചന്തകൾ എന്നീ സംരംഭങ്ങളിലൂടെ ഒരുപരിധി വരെ ഇവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചിരുന്നു. തലമുറകളായി കൃഷി ചെയ്തുവരുന്ന വിത്തുകൾ നില നിർത്തുകയെന്ന ലക്ഷ്യവും ഇവർക്കുണ്ട്. അതുകൊണ്ടാണ് കൊവിഡ് സാഹചര്യത്തിലും ഇക്കുറി കൃഷിയിറക്കിയത്.

കുംഭമാസം അവസാനിക്കുന്നതോടെ വിളവെടുത്ത് അടുത്ത കൃഷിയിറക്കണം. എന്നാൽ ഇപ്പോഴത്തെ വിളവെടുക്കാതെ പുതിയ തൈ വയ്ക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. ഈ വിധത്തിൽ പോയാൽ കൃഷി തന്നെ അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണിപ്പോൾ ഇരുവരും.

കൃഷിവകുപ്പ് വാങ്ങും കുറഞ്ഞ വിലയിൽ

കരിമ്പുകൾ വിറ്റഴിക്കുന്നതിനു വേണ്ട നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രിയെയും സ്ഥലം എം.എൽ.എയും ഇവർ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് അവരിൽ നിന്ന് 100 കെട്ട് കരിമ്പുകൾ ശേഖരിച്ചെങ്കിലും വളരെ കുറഞ്ഞ വിലയാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു. അഞ്ച് ചെറിയ കഷണങ്ങളാക്കിയ ഒരു കെട്ടിന് 60 രൂപ നിരക്കിലാണ് കൃഷി വകുപ്പ് വാങ്ങിയത്. കഴിഞ്ഞ വർഷം 90 രൂപയാണ് ഒരു കെട്ടിന് നൽകിയത്. ശരാശരി ഒന്നര ലക്ഷം രൂപ വരുമാനം ലഭിക്കേണ്ടിടത്ത് വെറും 6000 രൂപ മാത്രമാണ് ഇവർക്ക് ലഭിച്ചത്. വേനൽ കനക്കുന്നതോടെ കരിമ്പ് ഉണങ്ങാനുള്ള സാദ്ധ്യതയും ഇവരെ ഭയപ്പെടുത്തുന്നുണ്ട്.