
ട്രാൻസ്‌ജെൻഡറുകൾ സംരക്ഷണം അർഹിക്കുന്നുണ്ടെന്ന വിദൂരധാരണ പോലുമില്ലാത്ത സമൂഹത്തിൽ നിന്ന് വിടപറഞ്ഞിറങ്ങിപ്പോയിരിക്കുന്നു സ്‌നേഹ.
തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ട്രാൻസ്‌ജെൻഡർ. അവരുടെ ആത്മഹത്യ ഇവിടെ വലിയ ചലനങ്ങളുണ്ടാക്കാനിടയില്ല. എന്നാൽ നിർദ്ദയ സമൂഹം ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്, ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതു കൊണ്ടുമാത്രം തീകൊളുത്തി സ്വയം ഒടുങ്ങിയവളാണ് സ്‌നേഹ.
സമൂഹത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ആ യുവതി. പട്ടിണിയും ദുരിതങ്ങളും ഒപ്പം കൂടിയതോടെ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. സർജറി കഴിഞ്ഞ് സ്നേഹയ്ക്ക് സ്വന്തം വ്യക്തിത്വത്തിൽ തിരഞ്ഞെടുപ്പ് ഐ.ഡി കാർഡ് ലഭിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കന്നിവോട്ടും രേഖപ്പെടുത്തിയിരുന്നു. കൊവിഡിനെ തുടർന്ന് ചെറിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും കച്ചവടം ഒന്നുകൂടി വിപുലീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു സ്നേഹയും സംഘവും. എന്നാൽ വിവിധ സംഘങ്ങളിൽ നിന്ന് അനുവദിച്ച രണ്ടുലക്ഷം രൂപ വായ്പ കിട്ടാത്തതിലും സ്നേഹ കടുത്ത നിരാശയിലായിരുന്നു.
മാതൃകയായി കണ്ണൂർ ജില്ലാപ്പഞ്ചായത്ത്
ട്രാൻസ്ജെൻഡർ വിഭാഗത്തെ മനുഷ്യരായി കാണാനുള്ള മനസ് ഇനിയും സമൂഹത്തിന് കൈവന്നില്ല. അവരോട് സഹതപിക്കുന്നതിനു പകരം സംരക്ഷണം ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. സംരക്ഷകരാകേണ്ട പൊലീസിന്റെ ഭാഗത്തുനിന്നാണ് ട്രാൻസ്‌ജെൻഡറുകൾ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കേണ്ടി വരുന്നത് എന്നാണ് വിരോധാഭാസം.
ഇതിനിടയിൽ ചെറിയ പച്ചതുരുത്തുകൾ നമുക്കിടയിലുണ്ടെന്നത് ഏറെ സന്തോഷകരം തന്നെ. അത്തരമൊരു സംരംഭത്തിനാണ് ട്രാൻസ് ജെൻഡറുകൾക്കായി ഗ്രൂപ്പ് ഫാമിംഗിലൂടെ കണ്ണൂർ ജില്ലാപ്പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്.
അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ സ്നേഹയുടെ മരണം വരെ കാത്തിരിക്കേണ്ടി വന്നു. അവരെ മുഖ്യധാരയിലെത്തിക്കാൻ ജില്ലാപ്പഞ്ചായത്ത് തന്നെ നേരിട്ടിറങ്ങിയിരിക്കയാണ്.
കാർഷിക വൃത്തിയിൽ താത്‌പര്യമുള്ള നാലുപേരിൽ കൂടുതലുള്ള സംഘങ്ങൾക്ക്
പദ്ധതിക്കായി അപേക്ഷിക്കാം. എന്ത് വിള കൃഷി ചെയ്യണമെന്നത് സംഘങ്ങൾക്ക് തീരുമാനിക്കാം. ഭൂമിയില്ലാത്തവർക്ക് ജില്ലാപ്പഞ്ചായത്ത് ഭൂമിയും നൽകും. കൃഷി ഭൂമി ഉള്ളവർക്ക് അതത് സ്ഥലങ്ങളിലും കൃഷി ചെയ്യാം. കൃഷി രീതികളെക്കുറിച്ചുള്ള പരിശീലന ക്ലാസുകളും പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. കണ്ണൂരിൽ കൃഷിയോട് താത്‌പര്യമുള്ള സ്വന്തമായി ഭൂമിയില്ലാത്ത നിരവധി ട്രാൻസ് ജെൻഡറുകളുണ്ട് .അതുകൊണ്ട് തന്നെ ജില്ലാ പഞ്ചായത്തിന്റ പുതിയ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് അവർ സമീപിക്കുന്നത്. കൃഷിക്കാവശ്യമായ കാർഷിക നിർദേശങ്ങളും മറ്റ് സാമ്പത്തിക സഹായങ്ങളും നൽകുന്ന പദ്ധതി ഉടൻ നടപ്പിലാക്കണമെന്നാണ് അവരുടെ ആവശ്യം. ട്രാൻസ് ജെൻഡറുകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ജില്ലാപ്പഞ്ചായത്ത് നടപ്പിലാക്കി വരുന്നുണ്ട്.
ചേർത്ത് നിറുത്തണം ഇവരെ
എത്ര പുരോഗമനം പറഞ്ഞാലും, ട്രാൻസ്ജെൻഡറെ ചേർത്ത് നിറുത്തിയാലും മൗലികാവകാശങ്ങൾ നേടിയെടുക്കാൻ സ്വയം മുന്നിട്ടിറങ്ങേണ്ട ഘട്ടമാണിപ്പോൾ. ഇത്തരത്തിൽ ഒരു പത്ത്‌പേർ ഇറങ്ങിയാൽതന്നെ ഇനി വരുന്ന തലമുറയിലെ ട്രാൻസ്ജെൻഡർ, മിശ്രലിംഗവ്യക്തികൾക്ക് അഭിമാനത്തോടുകൂടി ജീവിക്കാനുള്ള വഴിതെളിയുമെന്ന് ജില്ലാപ്പഞ്ചായത്ത് പ്രഖ്യാപിച്ചത്.
സ്വന്തമായി വരുമാനവും സമൂഹത്തിന്റെ പിന്തുണയും ലഭിച്ചാൽ തീരുന്നതേയുള്ളൂ ഇവരുടെ പ്രശ്നം. ട്രാൻസ്ജെൻഡറുകളെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച സംസ്ഥാനത്തെ ഏക തദ്ദേശസ്ഥാപനം കണ്ണൂർ ജില്ലാപ്പഞ്ചായത്താണ്. ഇവർക്കായി ബഡ്‌ജറ്റിൽ പദ്ധതികൾ അവതരിപ്പിക്കുകയും തുക മാറ്റിവയ്‌ക്കുകയും ചെയ്തിട്ടുണ്ട്.