
കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് പരാതി നൽകിയിട്ടും ഇരട്ടവോട്ടുകൾ തള്ളാൻ തയ്യാറാവുന്നില്ലെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.പി. ജയാനന്ദൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇമേജ് വർദ്ധിപ്പിക്കാൻ മറ്റ് മണ്ഡലങ്ങളിലെ വോട്ട് ധർമ്മടം മണ്ഡലത്തിലേക്ക് ചേർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു,
ഫോറം നമ്പർ ഏഴിൽ നൽകിയ പരാതിയിൽ ജില്ലാ കളക്ടറുടെ അനുവാദമുണ്ടെങ്കിലെ വോട്ട് തള്ളാൻ സാധിക്കുവെന്ന മുടന്തൻന്യായമാണ് തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. ധർമ്മടത്തെ ഭൂരിഭാഗം ബി.എൽ.ഒമാരും സി.പി.എമ്മിന് കൂട്ടു നിൽക്കുകയാണ്. ധർമ്മടത്ത് വ്യാപകമായി പുതിയ ഇരട്ട വോട്ടുകളും സി.പി.എം ചേർക്കുകയാണ്.
വേങ്ങാട് പഞ്ചായത്തിലെ പറമ്പായി 70 ാം നമ്പർ ബൂത്തിൽ 120 വോട്ടുകൾ തള്ളാൻ കൊടുത്തിട്ടും ബി.എൽ.ഒമാർ നോട്ടീസ് പോലും നൽകിയിട്ടില്ല .പിണറായി പഞ്ചായത്തിലെ 143ാം നമ്പർ ബൂത്തിൽ 100 ൽ പരം വോട്ടുകളാണ് തള്ളാനുള്ളത്. ധർമ്മടം നിയോജകമണ്ഡലത്തിൽ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പതിനായിരത്തോളം പുതിയ വോട്ടിനുള്ള അപേക്ഷകൾ വന്നിട്ടുണ്ട് .ഇതിൽ ഭൂരിഭാഗവും ഇരട്ടവോട്ടുകളാക്കാനുള്ള സി.പി.എമ്മുകാരുടെ അപേക്ഷകളാണെന്നും ജയാനന്ദൻ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീതിയുക്തമായി പ്രവർത്തിച്ചില്ലെങ്കിൽ ഇലക്ഷൻ കമ്മിഷനെയും കോടതിയെയും സമീപിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് , ധർമ്മടം മണ്ഡലം കൺവീനർ എൻ.പി. താഹിർ എന്നിവരും സംബന്ധിച്ചു.