
കാസർകോട്: ജോലിക്കു പോകാൻ വയ്യാതായപ്പോൾ കൗതുകത്തിന് തുടങ്ങിയതാണ് കളിമൺ ആഭരണനിർമ്മാണം. ഇപ്പോൾ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതുൾപ്പെടെയുള്ള ഉപജീവനമാർഗ്ഗമാണ് സനിലിന് കരകൗശല വിദ്യ.
കോൺക്രീറ്റ് ജോലിചെയ്തിരുന്ന പിലിക്കോട് എരവിൽ സനിലിന് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നാലു വർഷം മുമ്പാണ് തൊഴിൽ ഉപേക്ഷിക്കേണ്ടിവന്നത്. പണിതീരാത്ത കുടുംബവീട്ടിലാണ് അവിവാഹിതനായ ഈ നാല്പതുകാരന്റെ താമസം. ആയാസമുള്ള ജോലികൾ ചെയ്യാനാവാത്ത സനിൽ ആഭരണങ്ങളും ശില്പങ്ങളും പണിയുന്നതും ഇവിടെവച്ചുതന്നെ. കളിമൺ ആഭരണപ്പെരുമ കേട്ടറിഞ്ഞു വിദേശികളടക്കം അവ വാങ്ങാൻ എത്താറുണ്ട്. ദുബായിലേക്കും ജപ്പാനിലേക്കുമെല്ലാം സനിലിന്റെ കരകൗശല ഉത്പന്നങ്ങൾ കൊണ്ടുപോയിട്ടുണ്ട്.
സമീപ പ്രദേശത്തെ പറമ്പിൽനിന്നെടുക്കുന്ന കളിമണ്ണ് ചുട്ടെടുത്താണ് കമ്മലും മാലയുമെല്ലാം നിർമ്മിക്കുന്നത്. ഫാബ്രിക് പെയിന്റുപയോഗിച്ചാണ് വർണ്ണങ്ങൾ ചാർത്തുന്നത്. സനിലിന്റെ ടെറാക്കോട്ട ആഭരണങ്ങൾക്ക് പ്രിയമേറുകയാണ്. മാല, വള, കമ്മൽ, മോതിരം എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഹാർഡ് ബോർഡിലും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നുണ്ട്. വീണ, വയലിൻ, ഹൗസ് ബോട്ട്, ചക്ക തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. നിലവിളക്ക്, അടുക്കള സാധനങ്ങൾ, വിവിധ തരം ചെടികൾ എന്നിവയും സനിലിന്റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്.
''ഏറെക്കാലം ഈടുനില്‍ക്കുന്നതാണ് കളിമൺ ആഭരണങ്ങൾ. നല്ല ഉറപ്പാണ്. വീണാൽ പൊട്ടുകയുമില്ല. സർക്കാർ സഹായം കിട്ടിയാൽ നിർമ്മാണം വിപുലപ്പെടുത്തും. ചികിത്സയ്ക്ക് മൂന്നു ലക്ഷത്തിലേറെ രൂപ ചെലവായി. നാട്ടുകാരും സുഹൃത്തുക്കളും കരകൗശല ഉത്പന്നങ്ങൾ വാങ്ങി സഹായിക്കുന്നുണ്ട്.
-സനിൽ