gas

കണ്ണൂരിൽ ഇന്നലെ സിലിണ്ടറിന് 830 രൂപ

വാണിജ്യ സിലിണ്ടറിന് 1618 രൂപ

കണ്ണൂർ: ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് ഇന്നലെ 25 രൂപ കൂടി കൂട്ടിയതോടെ കുടുംബബഡ്ജറ്റ് പാടെ താളം തെറ്റുന്ന സ്ഥിതിയിൽ. കണ്ണൂരിൽ സിലിണ്ടറിന് 830രൂപയാണ് ഇന്നലെ നൽകേണ്ടിവന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 100 രൂപ കൂട്ടി 1618 രൂപയും. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് വില കൂട്ടുന്നത്. വാണം പോലെ കത്തിക്കയറുന്ന പെട്രോൾ, ഡീസൽവില സൃഷ്ടിക്കുന്ന വിലക്കയറ്റത്തിന് പുറമെയാണ് സിലിണ്ടർവിലയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നത്.

പാചകവാതക സിലിണ്ടറിന് രണ്ട് മാസത്തിനുള്ളിൽ 200 രൂപയാണ് കേന്ദ്രം കൂട്ടിയത്. ഫെബ്രുവരി 24ന് സിലിണ്ടറിന് 25 രൂപ കൂട്ടിയതോടെയാണ് കൂടിയ വിലക്കുള്ള ഒറ്റമാസ 'റെക്കോർഡും' സ്ഥാപിക്കപ്പെട്ടത്. അഞ്ച് ദിവസത്തിനുള്ളിൽ 50 രൂപയാണ് കൂട്ടിയത്. ദിനംപ്രതി വർധിച്ചു വരുന്ന പാചകവാതക വിലയിൽ നാടെങ്ങും ജനരോക്ഷം ശക്തം. കൊവിഡ് പശ്ചാത്തലത്തിൽ പൊതുവെ സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങൾക്ക് ഇരുട്ടടി നൽകി ഇടയ്ക്കിടെയുണ്ടാകുന്ന വിലവർദ്ധനവിൽ വീട്ടമ്മമാരുൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധത്തിലാണ്. കൂലിപണിക്കാരെയും മറ്റ് ദിവസക്കൂലിക്ക് തൊഴിൽ ചെയ്യുന്ന സാധാരണക്കാരെയുമാണ് പാചക വാതക വില വർദ്ധന സാരമായി ബാധിക്കുന്നത്. പൊതുവെ പണി കുറവുള്ള സ്ഥിതിയാണിപ്പോഴെന്നും അതിനിടയിൽ പാചകവാതകത്തിനുള്ള വില എവിടുന്ന് കണ്ടെത്തുമെന്നുമാണ് ഇവരുടെ ചോദ്യം. പെൻഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന വലിയൊരു വിഭാഗം ആളുകളെയും വിവിധ അസുഖങ്ങൾക്ക് ചികിത്സയെടുക്കുന്നവരുടെ കുടുംബത്തെയും വിലവർദ്ധന തികച്ചും പ്രതിസന്ധിയിലാക്കുകയാണ്. സ്ത്രീകളുടെ ഭാഗത്തു നിന്നും വില വർധനവിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്.

വിറകടുപ്പിലേക്ക് പോകണോ

സ്ഥിരമായി ജോലിക്ക് പോകുന്നവർ സമയലാഭത്തിന് ഗ്യാസ് അടുപ്പിനെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഗ്യാസ് അടുപ്പ് ഉപേക്ഷിച്ച് വിറക് അടുപ്പുകളിലേക്ക് തിരിച്ചുപോകേണ്ടി വരുമോയെന്നാണ് ഇവരുടെ ചോദ്യം. പാചകവാതകത്തിന് പുറമെ പെട്രോൾ, ഡീസൽ വിലയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്

ദിവസവും ജോലിക്ക് പോകുന്നത് കൊണ്ട് ഗ്യാസ് അടുപ്പാണ് സൗകര്യം. വിറക് കിട്ടാനുമില്ല, വലിയ വിലയുമാണ്. പാചകവാതക വില വർദ്ധന വലിയ പ്രതിസന്ധി തന്നെയാണ്.
പി .പി വസന്ത(കച്ചവടം), ഇരിണാവ്

ഫ്‌ളാറ്റിൽ നിൽക്കുന്നവർക്ക് വിറക് അടുപ്പ് ഉപയോഗിക്കാൻ സൗകര്യമില്ല. ഗ്യാസ് അടുപ്പുകളാണ് ആശ്രയിക്കുന്നത്

പി.രാജി, വീട്ടമ്മ , യോഗശാല, കണ്ണപുരം

യാതൊരു നിയന്ത്രണവുമില്ലാത്ത പാചകവാതക വില വർദ്ധനവിനെതിരെ മുഴുവൻ സ്ത്രീകളും ശക്തമായി
പ്രതികരിക്കണം

എൻ.കെ. രതി , കണ്ണൂർ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് , തെക്കീ ബസാർ