മാഹി: കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ, ഒരു മന്ത്രി പുതുച്ചേരിയിൽ രണ്ടാഴ്ചയോളം ക്യാമ്പ് ചെയ്ത്, പുതുച്ചേരി സർക്കാറിനെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ പശ്ചാത്തലത്തിൽ, രണ്ട് വർഷം മുമ്പ് തന്നെ തലശ്ശേരിയിലെ ഒരു ഹോട്ടലിൽ വെച്ച് മന്ത്രിസഭയെ അട്ടിമറിക്കാൻ തനിക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്ന മാഹി എം.എൽ.എ ഡോ: വി. രാമചന്ദ്രന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ ദുരൂഹതയുണ്ടെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രമേശ് പറമ്പത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

എന്ത് കൊണ്ടാണ് ഭരണബെഞ്ചിലിരിക്കുന്ന എം.എൽ.എ അന്ന് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്?. മന്ത്രിസഭ അട്ടിമറിച്ചതിന് തൊട്ട് പിറകെ വിവാദനായകനായ കേന്ദ്രമന്ത്രിക്കൊപ്പം, പുതുച്ചേരിയിൽ വെച്ച് മയ്യഴിയിലെ സി.പി.എം നേതാവ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ,സ്വയം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്, മന്ത്രിസഭയുടെ അട്ടിമറിക്ക് പിന്നിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുകയാണെന്ന് സംശയിക്കുകയാണെന്ന് രമേശ് പറമ്പത്ത് ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മാഹിയിലെ ബി.ജെ.പി -സി.പി.എം നേതൃത്വം ഉന്നയിക്കുന്ന ആരോപണമാണ് മാഹി ഫിഷിംഗ് ഹാർബറിനെക്കുറിച്ചുള്ള കഴമ്പില്ലാത്ത ആരോപണമെന്നും രമേശ് പറമ്പത്ത് പറഞ്ഞു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. മോഹനൻ, സത്യൻ കേളോത്ത് എന്നിവരും സംബന്ധിച്ചു.