പയ്യന്നൂർ: മലബാർ ദേവസ്വം ബോർഡ് നിയന്ത്രണത്തിൽ മാടായിക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേത്ര കലാ അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ ചുമർചിത്ര പ്രദർശനം 3 മുതൽ
6 വരെ പയ്യന്നൂർ ഗാന്ധി പാർക്കിലെ ആർട്ട് ഗാലറി പരിസരത്ത് നടക്കുമെന്ന് അക്കാഡമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അദ്ധ്യാപകൻ കെ. ശ്രീകുമാറിന്റെ കീഴിൽ പരിശീലിച്ച 8നും 18 നും ഇടയിൽ പ്രായമുള്ള 13 കുട്ടികളുടെ ചിത്രങ്ങളാണ് കേരള ലളിതകലാ അക്കാഡമിയുടെ സഹകരണത്തോടെ പ്രദർശിപ്പിക്കുന്നത്.
3ന് രാവിലെ 10.30 ന് ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അക്കാഡമി ചെയർമാൻ ഡോ: കെ.എച്ച്. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും. 6 ന് വൈകീട്ട് 3ന് കൊട്ടറ വാസുദേവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉപഹാര സമർപ്പണം നടത്തും. വാർത്താ സമ്മേളനത്തിൽ ഡോ: കെ.എച്ച്. സുബ്രഹ്മണ്യൻ, കൃഷ്ണൻ നടുവത്ത്, കെ.ശ്രീകുമാർ , രാജു രാമപുരം, സി. രാധാകൃഷ്ണൻ സംബന്ധിച്ചു.