പരിയാരം: കടകൾ പൂട്ടി പാതയോരത്ത് കച്ചവടം ചെയ്യുമെന്ന് പരിയാരത്തെ വ്യാപാരികൾ. പഞ്ചായത്ത് ലൈസൻസ്, ഫുഡ് സേഫ്റ്റി, ജി.എസ്.ടി എന്നീ നിയമ നടപടികൾ പൂർത്തിയാക്കി കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് വർദ്ധിച്ചുവരുന്ന അനധികൃത വഴിയോര കച്ചവടം മൂലം കട പൂട്ടി പോകേണ്ടുന്ന അവസ്ഥ വന്നിരിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഇതാണ് പാതയോരത്ത് കച്ചവടം ചെയ്യാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്.

സർക്കാർ ഭൂമി കൈയേറി ജെ.സി.ബി വച്ച് മണ്ണുമാന്തി വൻ പന്തൽ ഒരുക്കി കച്ചവടം ചെയ്യുന്ന കൈയേറ്റത്തിനെതിരെ പരാതി നൽകിയാലും നടപടി സ്വീകരിക്കാൻ റവന്യൂ അധികൃതർ തയ്യാറാകുന്നില്ല. പഞ്ചായത്ത് ലൈസൻസെടുക്കാതെ നടക്കുന്ന കച്ചവടത്തിനെതിരെയും നടപടികളില്ല. അപകടം വരുന്ന വിധത്തിൽ കച്ചവടം ചെയ്യുന്ന ഇവർക്ക് ഒത്താശ ചെയ്യുകയാണ് അധികൃതരെന്നും ഇവർ ആരോപിക്കുന്നു.

ദേശീയപാതയോരത്തെ കൂറ്റൻ പരസ്യ ബോർഡുകൾ പല കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയാണെങ്കിലും അതിനും നടപടി ഇല്ല. ഗുഡ്സ് പെർമിറ്റ് മാത്രമുള്ള വാഹനങ്ങളിൽ ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തുന്നതും വർദ്ധിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളിൽ വ്യാപാരി വ്യവസായി സമിതി പരിയാരം മെഡിക്കൽ കോളേജ് യൂണിറ്റ് പ്രതിഷേധിക്കാനൊരുങ്ങുകയാണ്.