election

കൂത്തുപറമ്പ്: സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ സുരക്ഷിത മണ്ഡലങ്ങളിലൊന്നായിരുന്നു ആദ്യ കാലം മുതൽ കൂത്തുപറമ്പ്. 2011 ലെ മണ്ഡലം പുനർനിർണ്ണയത്തോട് കൂടിയാണ് ചുവന്ന മണ്ണ് യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞത്. എന്നാൽ കഴിഞ്ഞ തവണ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജയെ ഇറക്കി ഇടതുകോട്ട തിരിച്ചുപിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറിയും കടുത്ത പോരാട്ടത്തിനായിരിക്കും കൂത്തുപറമ്പ് സാക്ഷ്യം വഹിക്കുക.

പഴയ പെരിങ്ങളം മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉൾപ്പെടുന്നതായിരുന്നു പുനർനിർണ്ണയിക്കപ്പെട്ട കൂത്തുപറമ്പ് മണ്ഡലം. അതോടൊപ്പം ഇടതുപക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ടായിരുന്ന മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ പഞ്ചായത്തുകൾ മട്ടന്നൂർ മണ്ഡലത്തിന്റെ ഭാഗമാവുകയും വേങ്ങാട് പഞ്ചായത്ത് ധർമ്മടത്തേക്കും മാറിയതോടെ ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു. വലതുപക്ഷ സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമാവുകയും ഒട്ടേറെ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത കൂത്തുപറമ്പിൽ 2011ൽ ഉണ്ടായ പരാജയം ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ.ശൈലജയിലൂടെ വീണ്ടും ഇടതുപക്ഷം ആധിപത്യം സ്ഥാപിച്ചിരിക്കയാണ്.

ശൈലജ 67013 വോട്ടുകൾ നേടിയപ്പോൾ മുൻ മന്ത്രി കൂടിയായ കെ.പി. മോഹനന് 54722 വോട്ടുകളെ നേടാൻ സാധിച്ചിരുന്നുള്ളു. ബി.ജെ.പിയിലെ സി.സദാനന്ദൻ മാസ്റ്റർ 20787 വോട്ടും നേടിയിരുന്നു.12291 വോട്ടുകളായിരുന്നു കെ.കെ.ശൈലജയുടെ ഭൂരിപക്ഷം. കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, പാട്യം, മൊകേരി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളും അടങ്ങിയതാണ് കൂത്തുപറമ്പ് മണ്ഡലം. കൂത്തുപറമ്പ് നഗരസഭയും കോട്ടയം, പാട്യം, മൊകേരി, കുന്നോത്ത്പറമ്പ് പഞ്ചായത്തും എൽ.ഡി.എഫ് പക്ഷത്ത് നിൽക്കുമ്പോൾ പാനൂർ നഗരസഭയും, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുമാണ് യു.ഡി.എഫ് ഭാഗത്തുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബന്ധശത്രുക്കളായി ഏറ്റുമുട്ടിയിരുന്ന കെ.പി.മോഹനൻ ഇപ്പോൾ ഇടതുമുന്നണിയുടെ ഭാഗമാണ്. ഇടതുപക്ഷത്തേക്ക് മാറിയ ലോക് താന്ത്രിക് ജനതാദളിന് കൂത്തുപറമ്പ് സീറ്റ് വിട്ടുകൊടുക്കാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. അങ്ങനെയെങ്കിൽ കെ.പി. മോഹനനായിരിക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥി. അതേസമയം കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗിന് വിട്ടുകൊടുക്കാൻ യു.ഡി.എഫിൽ ധാരണയായിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ള സ്ഥാനാർത്ഥിയായേക്കും. ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ബി.ജെ.പി നേതൃത്വവും ആലോചിക്കുന്നത്. പാനൂർ, കുന്നോത്ത്പറമ്പ് മേഖലയിലെ സ്വാധീനവും, കേന്ദ്ര സർക്കാരിന്റെ നേട്ടവും അനുകൂലമാകുമെന്ന നിലപാടിലാണ് ബി.ജെ.പി. നേതൃത്വം. ശക്തമായ പോരാട്ടത്തിനായിരിക്കും ഇക്കുറിയും കൂത്തുപറമ്പ് സാക്ഷ്യം വഹിക്കുക.