kanhangad

കാഞ്ഞങ്ങാട്: കാ‍ഞ്ഞങ്ങാടായി മാറിയ പഴയ ഹൊസ്ദുർഗിന് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വല്ലാത്ത പ്രണയമാണെന്ന് തന്നെ പറയണം. മുന്നണികൾ മാറി മത്സരിച്ചപ്പോഴും സി.പി.ഐയെ ഒരിക്കൽ മാത്രമാണ് കൈവിട്ടതെന്നാണ് ഇതിന് തെളിവ്.

.77 ൽ കോൺഗ്രസ് ഉൾപ്പെട്ട ഐക്യമുന്നണിയിലായിരുന്നു സി.പി.ഐ. അടിയന്തരാവസ്ഥക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി പട്ടുവം രാഘവനെ സി.പി.ഐയിലെ കെ.ടി കുമാരൻ തോൽപ്പിച്ചു.87ലെ തിരഞ്ഞെടുപ്പിൽ ഭരണം എൽ.ഡി.എഫിനായപ്പോൾ ഹൊസ്ദുർഗ് മണ്ഡലത്തിലെ അപ്രതീക്ഷിത വിജയിയായിരുന്നു കോൺഗ്രസിലെ എൻ മനോഹരൻ . പള്ളിപ്രം ബാലനായിരുന്നു അന്ന് പരാജയം രുചിച്ചത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സി പി ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. എം. നാരായണനും എം. കുമാരനും ഹോസ്ദുർഗിൽ നിന്നും ജയിച്ചു. ജനറൽ മണ്ഡലമായി കാഞ്ഞങ്ങാടെന്ന് പേരുമാറിയപ്പോൾ 2011ലും 20l6 ലും ഇ.ചന്ദ്രശേഖരനായിരുന്നു വിജയം.ഇക്കുറിയും ഇ.ചന്ദ്രശേഖരൻ തന്നെ ഇടതുസ്ഥാനാർത്ഥിയായി വരുമെന്ന് ഉറപ്പായിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരസഭ ഉൾപ്പെടെ ഏഴു തദ്ദേശഭരണ സ്ഥാപനങ്ങളാണ് കാഞ്ഞങ്ങാട് മണ്ഡലത്തിലുള്ളത്. ഇതിൽ കള്ളാറും ബളാലും മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്നത്..കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ യു ഡി എഫിന്റെ ഭൂരിപക്ഷം 3340 വോട്ടുകളാണ്. തദ്ദേശ തിരഞ്ഞെടുപ്പായപ്പോൾ ആ ഭൂരിപക്ഷം മറികടന്ന എൽ .ഡി. എഫ് 1310 വോട്ടുകൾക്ക് മുന്നിലെത്തി. പഞ്ചായത്ത് നിലവിൽ വന്ന കാലം മുതൽ കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന മടിക്കൈയാണ് കാഞ്ഞങ്ങാട്ട് എൽ.ഡി.എഫിന്റെ വോട്ടുബാങ്ക്. കിനാനൂർ കരിന്തളവും അജാനൂരും കോടോം-ബേളൂരും പനത്തടിയും കൂടിയാകുമ്പോൾ കാസർകോട് ജില്ലയിൽ ഇടതുമുന്നണിയുടെ ഷുവർ ബെറ്റാണ് കാഞ്ഞങ്ങാട്.