
കണ്ണൂർ: ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ജില്ലാപഞ്ചായത്തിന്റെ സയൻസ് പാർക്ക് ഇനിയും തുറക്കാൻ നടപടിയില്ല. കൊവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ അടച്ചിട്ട പാർക്ക് ഇനിയെന്ന് തുറക്കുമെന്ന് കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും ജീവനക്കാരും.
ശാസ്ത്രബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2002-ൽ പ്രവർത്തനമാരംഭിച്ച സയൻസ് പാർക്ക് വിദ്യാർഥികൾക്കും ശാസ്ത്രപ്രേമികൾക്കും ഏറെ പ്രയോജനമായിരുന്നു. ഒട്ടനവധി ശാസ്ത്രസാങ്കേതിക ഉപകരണങ്ങളുള്ള ഇവിടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി സന്ദർശകർ എത്തിയിരുന്നതാണ്. ഏറെക്കാലം അടച്ചിട്ടതിനാൽ ഇവിടെയുള്ള ഉപകരണങ്ങളുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കേണ്ടതുണ്ട്. ശുചീകരണത്തിനായി തുറന്നപ്പോൾ പല വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ഉപകരണങ്ങളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്ന് വരുത്തിയവയാണ്. ഇവ നന്നാക്കുന്നതിനും പുതിയവ വാങ്ങിക്കുന്നതിനും ഈ രാജ്യങ്ങളെ തന്നെ സമീപിക്കേണ്ടതുണ്ട്. മിനി-പ്ലാനിറ്റോറിയം ,ടെലിസ്കോപ്പ്, ഐ. സ്.ആർ.ഒ യുടെ മിസൈൽ മോഡൽ, സ്പേസ് ഷോ തുടങ്ങിയ വിലയേറിയ ഉപകരങ്ങളാണ് ഇതിനകം നശിച്ചിട്ടുള്ളത് . ഓരോ വർഷവും ലക്ഷകണക്കിന് രൂപയാണ് അറ്റകുറ്റപ്പണികൾക്കും സയൻസ് പാർക്ക് പരിപാലനത്തിനു മായി ചെലവഴിക്കുന്നത്.
ചുവടുവെക്കണം ഡിജിറ്റൽ ലോകത്തിലേക്കും
ഡിജിറ്റൽ ലോകത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് സയൻസ് പാർക്ക്. ഇ-ബുക്സ് അഥവാ സ്മാർട് ബുക്‌സും മറ്റും പഠന സാമഗ്രികളും ലഭ്യമാക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനമാണ് തുടങ്ങാനിരിക്കുന്നത്.
ഇതുവരെ വിജ്ഞാനപ്രദമായ സെമിനാറുകളും ബോധവത്ക്കരണ പരിപാടികളും മുടങ്ങാതെ നടത്തിയിരി രുന്നു. പരിസ്ഥിതി ഗാലറി, ബാപ്പു ഗാലറി തുടങ്ങി വിവിധ ഗാലറികളുമുണ്ടിവിടെ. കൂടാതെ മിനി പ്ലാനിട്ടോറിയാം വന്നതോടുകൂടി സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു.എന്നാൽ കൊവിഡിന്റെ കടന്നുവരവോട് കൂടി സന്ദർശകരുടെ എണ്ണം ഗണ്യമായികുറഞ്ഞു.