gavarner-
കേന്ദ്ര സർവ്വകലാശാല 12 ആം വാർഷികാഘോഷം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉദ്ഘാടനം ചെയ്യുന്നു

പെരിയ (കാസർകോട്): എല്ലാ ചിന്താധാരകളുമായുള്ള സഹവർത്തിത്വമാണ് ഭാരതീയതയുടെ സത്തയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മെസോ പെട്ടോമിയ, ഈജിപ്ഷ്യൻ, ഗ്രീക്ക് സംസ്‌കാരങ്ങളിൽ പലതും ഇന്ന് ചരിത്രഗവേഷകർക്കും പുരാവസ്തുഗവേഷകർക്കും പഠനവിഷയം മാത്രമായി മാറിയിട്ടുണ്ടെങ്കിലും ഭാരതീയ സംസ്‌കാരം ചൈതന്യവത്തായി ഇന്നും തുടരുന്നത് അതിൽ അന്തർലീനമായ അധ്യാത്മിക ശക്തികൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പെരിയ കേരള കേന്ദ്ര സർവകലാശാലയുടെ 12ാമത് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

മനുഷ്യനിൽ അടങ്ങിയിരിക്കുന്ന ദിവ്യത്വം പ്രകാശിപ്പിക്കുകയാണ് പ്രധാനം. എല്ലാവരേയും സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന പാരമ്പര്യമാണ് ഭാരതീയ സംസ്‌കാരം. മതേതരത്വത്തിന്റ മൂർത്തിമദ്ഭാവമാണ് ആത്മീയതയെന്ന് തിരിച്ചറിഞ്ഞ ദർശനമാണിത്.എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന ദിവ്യത്വത്തെ ഉൾക്കൊള്ളുന്ന വിശ്വദർശനമാണ് ഭാരതീയ പൈതൃകമെന്നും ഗവർണർ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സംസാരിച്ചു. അക്കാഡമിക് ഡീൻ പ്രൊഫ.കെ.പി.സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ.എച്ച്. വെങ്കടേശ്വർലു സ്വാഗതവും രജിസ്ട്രാർ ഡോ.എം. മുരളീധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.