
കണ്ണൂർ: ജില്ലയിൽ സി.പി.എം മുതിർന്ന നേതാക്കളുടെ അഭിപ്രായവ്യത്യാസം വീണ്ടും തലപൊക്കുന്നു. ജനകീയനായ പി.ജയരാജനെ പാർട്ടിയിൽ ഒതുക്കാനുള്ള നീക്കം തുടരുകയാണെന്നാണ് പുതിയ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. ആത്മീയാചാര്യൻ ശ്രീ എമ്മിന്റെ സാന്നിദ്ധ്യത്തിൽ പയ്യന്നൂരിലും തലശ്ശേരിയിലും നടന്ന യോഗവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. അങ്ങനെയൊരു യോഗം നടന്നിരുന്നു എന്നും താൻ അതിൽ പങ്കെടുത്തിരുന്നു എന്നും പി. ജയരാജൻ തറപ്പിച്ചു പറയുമ്പോൾ, എം.വി. ഗോവിന്ദൻ പറയുന്നതാകട്ടെ അത്തരത്തിലൊരു യോഗമോ കൂടിക്കാഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ്. ശ്രീ എം അറിയപ്പെടുന്ന ആത്മീയാചാര്യൻ ആണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പറഞ്ഞു. ശ്രീ എം മുൻകൈയെടുത്തത് രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാനാണ്. ഇതിനെ സി.പി.എം ആർ.എസ്.എസ് ബന്ധമായി കൽപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും പി. ജയരാജൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 2019ൽ കണ്ണൂരിൽ ശ്രീ എം പദയാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ കോൺഗ്രസ് നേതാക്കളും സി.പി.എം നേതാക്കളും പങ്കെടുത്തിരുന്നു. തലശ്ശേരിയിലും പയ്യന്നൂരിലും സമാധാന യോഗങ്ങൾ ചേർന്നിരുന്നു. നാടിന്റെ സമാധാനം നിലനിർത്താനാണെന്നും ജയരാജൻ പറയുന്നു. കോൺഗ്രസും ആർ.എസ്.എസുമാണ് സഖ്യം ഉണ്ടാക്കിയത്. നാടിന്റെ സമാധാനത്തിനായി ചേർന്ന ഉഭയകക്ഷി ചർച്ച വേറെ രീതിയിൽ ചിത്രീകരിക്കുന്നത് യു.ഡി.എഫ്, ആർ.എസ്.എസ് ബാന്ധവം മറച്ചു വയ്ക്കാനാണെന്നും ജയരാജൻ ആരോപിച്ചു.. എം വി ഗോവിന്ദന്റെ പ്രസ്താവന എന്തുകൊണ്ടെന്ന് അറിയില്ല. ചർച്ച നടന്നില്ല എന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് ഏത് സാഹചര്യത്തിലെന്ന് തനിക്കറിയില്ല. ചർച്ചയിൽ താൻ പങ്കെടുത്തത് കൊണ്ടാണ് വ്യക്തമായി പറയുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. തില്ലങ്കേരി മോഡൽ ബന്ധം സി.പി.എം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നതും പി. ജയരാജന്റെയും എം.വി.ഗോവിന്ദന്റെയും തുറന്നു പറച്ചിലും കൂട്ടിവായിക്കുന്നവരും കുറവല്ല. താൻ ജില്ലാ സെക്രട്ടറി പദവി ഒഴിവായതിന് പിന്നിൽ ആർ.എസ്.എസ് നിർബന്ധമാണെന്നത് ജയരാജൻ തള്ളി. ഒരു നേതാവ് കാരണമല്ല ജില്ലയിൽ അക്രമ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് എന്നും പി. ജയരാജൻ പറഞ്ഞു. അക്രമത്തിന്റെ ഉത്തരവാദിത്വം പാർട്ടി നേതൃത്വത്തിനാണെന്നാണ് ജയരാജൻ പറയാതെ പറഞ്ഞുവച്ചത്. ശ്രീ എം മതനിരപേക്ഷ മുഖമാണെന്ന് എം.വി ഗോവിന്ദൻ ആലപ്പുഴയിൽ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ സി.പി.എം - ആർ.എസ്.എസ് ചർച്ച നടന്നിട്ടില്ല. സി.പി.എം യോഗയുമായി ബന്ധപ്പെട്ടാണ് എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.