
കണ്ണൂർ: നിപ്പയ്ക്കും കൊവിഡിനുമെതിരെ മാതൃകാ പ്രതിരോധം തീർത്ത് ലോകശ്രദ്ധ നേടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂത്തുപറമ്പ് മണ്ഡലം വിട്ട് സ്വന്തം നാട്ടിൽ മാറ്റുരയ്ക്കുന്നു. വീര പഴശിയുടെ മണ്ണായ പഴശ്ശി ഉൾപ്പെടുന്ന മട്ടന്നൂരിലേക്കാണ് ചുവട് മാറ്റം. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇതിന് പച്ചക്കൊടി കാട്ടിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ അന്തിമരൂപമാവും.
യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് -എമ്മും, എൽ.ജെ.ഡിയും ഇടതു മുന്നണിയിലെത്തിയ സാഹചര്യത്തിലാണ് ശൈലജയുടെ മണ്ഡലം മാറ്റം. എൽ.ജെ.ഡി കണ്ണൂർ ജില്ലാ പ്രസിഡന്റും മുൻമന്ത്രിയുമായ കെ.പി. മോഹനനെ പരാജയപ്പെടുത്തിയാണ് ശൈലജ 2016ൽ വിജയിച്ചത്. 1996ൽ കോൺഗ്രസിലെ എം.പി.കൃഷ്ണൻ നായരെ തോൽപ്പിച്ചാണ് കൂത്തുപറമ്പിൽ ശൈലജയുടെ മത്സരചരിത്രം തുടങ്ങുന്നത്. 2006ൽ പേരാവൂരിൽ കോൺഗ്രസിലെ എ.ഡി. മുസ്തഫയെ പരാജയപ്പെടുത്തിയ ശൈലജ, 2011 ൽ ഇതേ മണ്ഡലത്തിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് തോറ്റു.
മട്ടന്നൂരിൽ നിന്നാണ് ഇ.പി. ജയരാജൻ വിജയിച്ചതെങ്കിലും അദ്ദേഹത്തിന്റെ നാട് കല്യാശേരി മണ്ഡലത്തിലാണ്. മത്സരിക്കാൻ ജയരാജന് മേൽ സമ്മർദ്ദമേറിയാൽ അദ്ദേഹം കല്യാശേരിയിൽ നിന്നേക്കും.