bjp

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന യോഗമാണ് പട്ടിക തയ്യാറാക്കിയത്.ആർ.എസ്. എസിന്റെ അഭിപ്രായവും കൂടി കണക്കിലെടുത്താണ് സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

പരമാവധി വോട്ടുകൾ വർദ്ധിപ്പിച്ച് കണ്ണൂർ ജില്ലയിൽ പാർട്ടി നിർണായക ശക്തിയായി മാറാൻ ശ്രമിക്കണമെന്നും മുഴുവൻ പ്രവർത്തകരും പ്രചാരണ രംഗത്ത് സജീവമാകണമെന്ന് ആർ. എസ്. എസ് നിർദേശം നൽകിയിട്ടുണ്ട്.

ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും മത്സരിക്കുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ നേതാക്കൾ മുഴുവൻ മത്സര രംഗത്ത് വേണ്ടെന്നാണ് അഭിപ്രായം.പട്ടികയനുസരിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് കൂത്തുപറമ്പിൽ നിന്നും ജനവിധി തേടും. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് തലശേരിയിലും മുൻ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് മട്ടന്നൂർ നിയോജക മണ്ഡലത്തിലും മത്സരിക്കും.

സുപ്രിം കോടതി അഭിഭാഷകനും ബി.ജെ.പി ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ നേതാവുമായ ജോജോ ജോസഫ് ഇരിക്കൂറിൽ സ്ഥാനാർത്ഥിയാകും. ബി.ജെ.പി മേഖലാ സെക്രട്ടറിയും അദ്ധ്യാപകനുമായ കെ.പി. അരുൺ അഴീക്കോടും മത്സരിക്കും. എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന് പേരാവൂർ സീറ്റ് തന്നെയാണ് ഇക്കുറിയും നൽകിയിട്ടുള്ളത്.

കണ്ണൂരിൽ നിന്നുള്ള മുൻ സംസ്ഥാന പ്രസിഡന്റായ സി.കെ.പത്മനാഭൻ ഇക്കുറി മത്സര രംഗത്തില്ലെന്ന് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ജില്ലക്കാരനായ മറ്റൊരു മുൻ പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് മത്സരംഗത്തുണ്ടാകും. ഇതിനായി അദ്ദേഹം മാസങ്ങൾക്ക് മുമ്പെ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു.