art
അശ്വതി അരുൺ രാജും, കെ.എ.രജിനയും .

മാഹി: വടക്കൻ പാട്ടിലെ വീരഗാഥകളുടേയും സ്ത്രീ ശാക്തീകരണത്തിന്റേയും ചടുലമായ വർണ്ണരാജികൾ കൊണ്ട് ആലേഖനം ചെയ്യപ്പെട്ട രണ്ട് യുവ ചിത്രകാരികളുടെ 'മൂവ്' ചിത്രപ്രദർശനം ഇന്നു സമാപിക്കും
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ജനമനസ്സുകളിൽ ഇന്നും മായാതെ കിടക്കുന്ന വീരേതിഹാസ നായകനായ തച്ചോളി ഒതേനന്റെ ജീവിതകഥകളത്രയും വരകളിലും വർണ്ണങ്ങളിലും ആവാഹിച്ച്, ഉണ്ണിയാർച്ചയുടെ നാട്ടുകാരി അശ്വതി അരുൺ രാജ് കാൻവാസുകളിൽ പകർത്തിവെച്ചിരിക്കുന്നു. ഒതേനന്റെ ആയോധന കലാപ്രകടനങ്ങളും പ്രണയവും പ്രതികാരങ്ങളും അങ്കത്തട്ടിലെ വിസ്മയ കാഴ്ചകളുമെല്ലാം കാൻവാസുകളിൽ ചലനാത്മകമായി വരച്ചു വെച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ അശ്വതി, ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമയും ചുമർചിത്രകലയും ശിൽപ്പകലയും സ്വായത്തമാക്കിയിട്ടുണ്ട്.
അനാഥമാക്കപ്പെട്ട സ്ത്രീത്വത്തിന്റെ മുഖങ്ങൾ അനാവരണം ചെയ്യുന്ന ചിത്രങ്ങളാണ് കെ.എ. രജിനയുടെ രചനകളിൽ ഏറെ ശ്രദ്ധേയം. തെളിച്ചമില്ലാത്ത അക്രലിക് വർണ്ണങ്ങളിൽ, നഗരത്തിന്റെ ഇരുണ്ട പശ്ചാത്തലത്തിൽ വരച്ച നിസ്സഹായമായ മാതൃത്വം ഇന്ത്യൻ അവസ്ഥയുടെ പരിച്ഛേദമായി അനുഭവപ്പെടും. സമീപകാല ഭാരതീയ സാഹചര്യങ്ങളോട് ശക്തമായി പ്രതികരിക്കുന്ന രചനകളാണ് മിക്കതും. ഉന്നത കലാകാരന്മാരുടെ സ്പർശമുള്ള വ്യത്യസ്തമായ ഒരു ശൈലി ഇതിനകം സ്വായത്തമാക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ടെന്ന് ഇവരുടെ രചനകളിൽ നിന്ന് വ്യക്തമാകും.